കോവിഡില്‍ സ്തംഭിച്ച് സിനിമാ മേഖലയും: ഷൂട്ടിങ്ങ് നിര്‍ത്തും, തിയറ്ററുകള്‍ അടച്ചത് നീളും?

കൊച്ചി : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ സിനിമ വ്യവസായവും സ്തംഭനത്തിലേയ്ക്ക്. തിയറ്ററുകള്‍ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിംഗുകളും നിലച്ചു. രണ്ടു ഡസനോളം ചലച്ചിത്രങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ഷൂട്ടിംഗ് ജോലികള്‍ നിര്‍ത്തി.
തിയറ്ററുകള്‍ ഈ മാസം 31 വരെയാണ് അടച്ചിരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ഏപ്രിലിലേക്കും നീട്ടുമെന്നാണു സൂചന. അവധിക്കാല റിലീസിംഗ്് മുടങ്ങിയാല്‍ 300 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാവുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

അവധിക്കാലത്ത് തീരുമാനിച്ചിരുന്ന സിനിമകളുടെ റിലീസിംഗ് മേയ് അവസാനവും ആ സമയത്ത് റിലീസിംഗ്് തീരുമാനിച്ച സിനിമകള്‍ ഓണക്കാലത്തും തിയറ്ററുകളിലെത്തും. ഓണക്കാലം കണക്കാക്കി നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് സെപ്റ്റംബര്‍ 30നു ശേഷമേ റിലീസിംഗ് സാധ്യമാകുകയുള്ളു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’, മമ്മൂട്ടിയുടെ വണ്‍, ഫഹദ് ഫാസില്‍ നായകനാവുന്ന മാലിക്, ടൊവിനോ തോമസിന്റെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തുടങ്ങി 14 സിനിമകളുടെ റിലീസിംഗ്  മാറ്റിവയ്ക്കും. ഇതിനിടെ പ്രതിസന്ധിയില്‍ ഇളവുകള്‍ തേടി സിനിമാ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചു. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെയും സിനിമ, ധന, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരെയും സന്ദര്‍ശിച്ചു നിവേദനം നല്‍കിയത്.

admin:
Related Post