ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ച് 24-ന് 15,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉത്തരവാണ് ഇന്നലെ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ സാമൂഹ്യക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം കൂട്ടി, ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജും അനുവദിച്ചിരുന്നു. ഇതിന് തുല്യമായ മറ്റൊരു പാക്കേജ് കൂടി അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്്. ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ കോവിഡ് 19 എമര്‍ജന്‍സി റെസ്പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്നെസ് പാക്കേജിനാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവയുടെ സംഭരണം, ലബോറട്ടറികള്‍ സ്ഥാപിക്കല്‍, ബയോ-സെക്യൂരിറ്റി തയ്യാറാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍/ കമ്മീഷണര്‍മാര്‍ (ആരോഗ്യം) എന്നിവര്‍ക്ക് അയച്ച സര്‍ക്കുലറില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒന്നാം ഘട്ടം നടപ്പാക്കുന്നതിനുളള പണം അനുവദിച്ചതായി വ്യക്തമാക്കുന്നുണ്ട്.
കോവിഡ് ആശുപത്രികളുടെയും മറ്റ് ആശുപത്രികളുടെയും വികസനം ഒന്നാം ഘട്ടത്തിള്‍ ഉള്‍പ്പെടുന്നു. ഐസൊലേഷന്‍ ബ്ലോക്കുകള്‍, വെന്റിലേറ്ററുകളുള്ള ഐസിയു, ആശുപത്രികളിലെ ഓക്സിജന്‍ വിതരണം, ആശുപത്രികളിലെ ലബോറട്ടറികള്‍ ശക്തിപ്പെടുത്തുക, പുതിയ നിയമനം, ജീവനക്കാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വോളന്റിയര്‍മാര്‍ എന്നിവര്‍ക്കുള്ള ഇന്‍സെന്റീവ് എന്നിവയെല്ലാം ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നവയാണ്. പിപിഇ കിറ്റുകള്‍, എന്‍95 മാസ്‌കുകള്‍, 49000 വെന്റിലേറ്ററുകള്‍ എന്നിവ വാങ്ങുന്നതിനും ഈ പണം വിനിയോഗിക്കാം.
പദ്ധതിയുടെ ആദ്യ ഘട്ടം ജനുവരി 2020 മുതല്‍ ജൂണ്‍ 2020 വരെയാണ്. രണ്ടാം ഘട്ടം ജൂലൈ 2020 മുതല്‍ മാര്‍ച്ച് 2021 വരെയാണ്. മൂന്നാംഘട്ടം ഏപ്രില്‍ 2021 മുതല്‍ മാര്‍ച്ച് 2024 വരെയാണ്.