കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കണം; കാപ്പനെ സ്വാഗതം ചെയ്ത് ഹൈക്കമാന്‍ഡ്

കോട്ടയം: എന്‍സിപി നേതാവ് മാണി സി കാപ്പനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇടതുബന്ധം ഉപേക്ഷിച്ച് വരികയാണെങ്കില്‍ കാപ്പനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാമെന്നും പാലായില്‍ അദ്ദേഹം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് പ്രവേശനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മാണി സി കാപ്പന്‍ മാത്രമാണോ അതോ എന്‍സിപി ഒന്നാകെ യുഡിഎഫിലേക്ക് വരുമോ എന്നതിന് അനുസരിച്ചാവും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. എന്തായാലും ശശീന്ദ്രന്‍ പക്ഷം യു ഡി എഫിലേക്ക് ഇല്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ശരത് പവാറിന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍ സി പി ഇടതുമുന്നണി വിടുന്നത് സംബന്ധിച്ച് ദേശീയനേതൃത്വം ഇതുവരെ കൃത്യമായ തീരുമാനം എടുത്തിട്ടില്ല. പാലായടക്കം സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നും രാജ്യസഭാ സീറ്റ് എല്‍ ഡി എഫില്‍ പ്രതീക്ഷിക്കേണ്ടെന്നും മാണി സി കാപ്പന്‍ ശരത് പവാറിനോട് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കാപ്പനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. കാപ്പന്‍ വന്നാല്‍ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്.

English Summary : congress welcome kappan to UDF, promises party symbol

admin:
Related Post