മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദേശിച്ചതു പൊലീസല്ല , ഹെലികോപ്റ്റർ യാത്രയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയത് പോലീസല്ലെന്നും ഡിജിപി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എം. കുര്യനാണ് പണം നൽകുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. എട്ടു ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായത്. യാത്രയ്ക്ക് ദുരന്തനിവാരണഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതില്‍ റവന്യൂവകുപ്പിൽ ചിലർ അതൃപ്തി അറിയിച്ചു. ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥ വീഴ്ചയാവാമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിലപാട്.