കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു. കുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍ സഹോദരനാണ്.
ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയായ പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു പുണെയിലെ സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യ ചിത്രം.
നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ (1989) എന്നിവയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
മലയാള സിനിമാ ഛായാഗ്രഹണ രംഗത്തെ സമഗ്രമായ മാറ്റത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചയാളാണ് രാമചന്ദ്ര ബാബു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേയ്ക്കുള്ള മലയാള സിനിമയുടെ ഗതിമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും കാമറയുമായി ഒപ്പമുണ്ടായിരുന്നു അദ്ദേഹം. ഈസ്റ്റ് മാന്‍ കളറില്‍ ചെയ്ത രാമു കാര്യാട്ടിന്റെ ദ്വീപായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കളര്‍ ചിത്രം. ഇതിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. എന്നാല്‍, കമല്‍ഹാസനെയും രജനികാന്തിനെയും ജയഭാരതിയെയും അണിനിരത്തി ഐ.വി.ശശി ഒരുക്കിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ റിലീസ് സാങ്കേതിക കാരണങ്ങള്‍ കൊണ്ട് വൈകുകയും അതിനുശേഷം ചിത്രീകരണം ആരംഭിച്ച തച്ചോളി അമ്പു ആദ്യം തിയ്യറ്ററിലെത്തി മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ് ചിത്രം എന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്തു.
കെ. ലതിക റാണിയാണ് ഭാര്യ.