തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ പുരസ്‌കാരം പ്രഖ്യാപിച്ചത്. 1955 മുതല്‍ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെ കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധേയനാണ് യേശുദാസന്‍. ലോകം യുദ്ധക്കൊതിയനെന്ന് വിളിച്ചിരുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡഗ്ലസ് ഒരു ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതാണ് യേശുദാസന്‍ വരച്ച ആദ്യകാര്‍ട്ടൂണ്‍.
1955-ല്‍ കോട്ടയത്തുനിന്ന്പന്തളം കെ.പിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച’അശോക’ എന്ന വിനോദമാസികയിലാണ് ഈ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.
ജനയുഗം ആഴ്ചപ്പതിപ്പിലെ ‘ചന്തു’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി. വിമോചനസമരക്കാലത്ത് ജനയുഗം പത്രാധിപസമിതിയുടെ ആവശ്യപ്രകാരം ‘കിട്ടുമ്മാവന്‍’ എന്ന ‘പോക്കറ്റ്’ കാര്‍ട്ടൂണ്‍ 1959 ജൂലായ് 19-മുതല്‍ വരച്ച് തുടങ്ങി.
‘സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും’ അഭിപ്രായം പറയുന്ന ‘കിട്ടുമ്മാവന്‍’ വായനക്കാര്‍ക്കിടയില്‍ പെട്ടെന്ന് ജനപ്രീതിയാര്‍ജ്ജിച്ചു.
ഈ കഥാപാത്രത്തോടൊപ്പം പൈലി, കാര്‍ത്ത്യായനി, പാച്ചരന്‍ ഭാഗവതര്‍, ചെവിയന്‍ പപ്പു, കാഥികന്‍ കിണറ്റുകുഴി, അയല്‍ക്കാരന്‍ വേലുപിള്ള, ചായക്കടക്കാരന്‍ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെട്ടു.
ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്‌സ് വീക്കിലിയില്‍ പരിശീലനം നേടിയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളാണ് യേശുദാസന്‍.
English Summary : Cartoonist Yesudasan bags Swadeshabhima kesari award