തിരുവനന്തപുരം: ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനമായി. മാർച്ച് ഒന്നു മുതൽ നിരക്ക് വർധന നിലവിൽവരും. ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടു രൂപയായി വർധിപ്പിച്ചു. 2014ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്.
വിദ്യാർഥികൾക്കു യാത്രാസൗജന്യം ഇപ്പോഴുള്ളതോതിൽ തുടരും. എന്നാൽ, വർധിപ്പിച്ച നിരക്കിന് ആനുപാതികമായ വർധന അവരുടെ നിരക്കിലുമുണ്ടാകും. ചൊവ്വാഴ്ച ചേർന്ന ഇടതുമുന്നണി യോഗം ചാർജ് വർധിപ്പിക്കാൻ സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. തുടർന്ന് ഇന്നു ചേർന്ന് മന്ത്രിസഭായോഗം ഇത് അംഗീകരിക്കുകയായിരുന്നു.
കിലോമീറ്റർ നിരക്കിൽ ആറു പൈസ മുതൽ 15 പൈസ വരെ വർധിപ്പിക്കാനും ശിപാർശയുണ്ടായിരുന്നു. ഓർഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാക്കും.
അതേസമയം, നിരക്കു വർധന അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. മിനിമംചാർജ് 10 രൂപയാക്കണമെന്നാണ് അവരുടെ ആവശ്യം. ശക്തമായ സമരത്തിന്നിർബന്ധിതരാകുമെന്ന് അവർ മുന്നറിയിപ്പു നൽകി.