ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കന്യാസ്ത്രീ പീഡനക്കേസിൽ ജാമ്യത്തിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു നടപടി.

കൊവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്കത്തിൽ ആയതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചത്. എന്നാൽ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയത്.

കേസ് ഓഗസ്റ്റ് പതിമൂന്നിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഫ്രാങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

admin:
Related Post