വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പിൽ നടക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ പൊതുദർശനത്തിന് വെക്കും. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ബാലഭാസ്കറിൻറെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിക്കു മുന്നിലുണ്ട്. ആദ്യം സംസ്കാരം ഇന്ന് നടക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.
പതിനേഴാം വയസിൽ മംഗല്യപല്ലക്ക് എന്ന സിനിമക്ക് സംഗീതം നൽകി ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന ബാലഭാസ്കർ ധാരാളം ആൽബങ്ങൾക്കും സംഗീതമൊരുക്കി. മലയാളിക്ക് മുന്നിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ബാലഭാസ്കറാണ്. ബാലഭാസ്‌ക്കറിന്റെ വിടവാങ്ങൽ സംഗീതപ്രേമികൾക്ക് വലിയ ഒരു നഷ്ടം തന്നെയാണ്. അത്രത്തോളം ആരാധകരെ സൃഷ്ടിക്കാൻ തന്റെ വയലിനിലൂടെ ബാലഭാസ്കറിന് സാധിച്ചു.