ബാബറി മസ്ജിത്- രാമജന്മഭൂമി തര്‍ക്കം വെള്ളിത്തിരയിലേക്ക്. നടി കങ്കണ റണാവത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അപരാജിത അയോധ്യ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. ‘ബാഹുബലി: ദി ബിഗിനിങ്’, ‘ബജ്റംഗി ഭൈജാന്‍’, ‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍’, ‘മഗധീര’, ‘ഈഗ’ എന്നിവയുടെ ഭാഗമായ കെ.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.
”നൂറു കണക്കിന് വര്‍ഷങ്ങളായി കത്തുന്ന ഒരു വിഷയമായിരുന്നു അയോധ്യ ഭൂമി തര്‍ക്കം. ത്യാഗത്തിന്റെ ആള്‍രൂപമായ ഒരു രാജാവ് ജനിച്ച ഭൂമി ഒരു സ്വത്ത് തര്‍ക്കത്തിന് വിഷയമായതിനാല്‍ 80കളില്‍ ജനിച്ച ഒരു വ്യക്തി എന്ന നിലയില്‍, അയോധ്യയുടെ പേര് ഒരു നെഗറ്റീവ് വെളിച്ചത്തില്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റി. തര്‍ക്കത്തില്‍ വിധി വന്നു. വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് ‘അപരാജിത അയോധ്യ’ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. ഇത് ഞാന്‍ എന്ന വ്യക്തിയുടെ യാത്രയുടെ കൂടി പ്രതിഫലനമായതിനാല്‍, എന്റെ ആദ്യ നിര്‍മ്മാണ സംരംഭമായി ഈ ചിത്രം തന്നെ തിരഞ്ഞെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു,”പ്രസ്താവനയില്‍ കങ്കണ വ്യക്തമാക്കി.
നിലവില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയിലാണ് കങ്കണ റണാവത്ത് അഭിനയിക്കുന്നത്. ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലാണ് താരം എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കങ്കണയുടെ ലുക്ക് ജയലളിതയെ പോലെ തോന്നുന്നില്ല എന്ന കമന്റുകളും ഫസ്റ്റ് ലുക്കിന് താഴെ വന്നിട്ടുണ്ട്.
തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ‘തലൈവി’ എന്ന പേരില്‍ തമിഴിലും ‘ജയ’ എന്ന പേരില്‍ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ എ.എല്‍.വിജയ് ആണ്.’തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവന്‍ ദീപകില്‍ നിന്നും തങ്ങള്‍ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.