ബെയ്റൂട്ട്: ലബനീസ് തലസ്ഥാന നഗരത്തെ മൊത്തം വിറപ്പിച്ച ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി. 4000നു മുകളിൽ പേർക്കു പരിക്കേറ്റു. കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം ആറിന് ബെയ്റൂട്ടിലെ തുറമുഖ മേഖലയിൽ തീപിടിച്ചതിനു പിന്നാലെയാണു സ്ഫോടനം ഉണ്ടായത്. ഒരു ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണമെന്നു ലബനീസ് പ്രസിഡന്റ് മിഷേൽ ഔണ് അറിയിച്ചു.
റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ സ്ഫോടനമാണ് നടന്നത്. 240 കിലോമീറ്റർ അകലത്തുള്ള സൈപ്രസിൽവരെ ശബ്ദം കേട്ടു. സ്ഫോടനമേഖലയിലെ കെട്ടിടങ്ങളെല്ലാം നിലംപരിശായി. കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങൾ കുലുങ്ങി, ജനൽച്ചില്ലുകൾ തകർന്നു.
അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവരുടെ ദൃശ്യങ്ങൾ ലബനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
റോഡുകൾ ജനൽച്ചില്ലും മറ്റ് അവശിഷ്ടങ്ങളുംകൊണ്ടു നിറഞ്ഞത് രക്ഷാപ്രവർത്തനം വൈകിച്ചു.