മലയാളികളുടെ പ്രിയതാരവും പ്രശസ്ത നര്‍ത്തകിയുമായ ആശ ശരത്ത് വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം എത്തുന്നു. ആ സന്തോഷം താരം പ്രേക്ഷകരമായി പങ്കിടുന്നു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രപരമ്പരകളായ സി ബി ഐ സീരീസിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാവുകയാണ് താരം. പ്രശസ്ത സംവിധായകന്‍ കെ മധു സംവിധാനം ചെയ്യുന്ന സി ബി ഐ യുടെ അഞ്ചാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രമാണ് ആശ ശരത്ത്. പ്രശസ്ത നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പതിന്നാല് വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാം പതിപ്പിനും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി തന്നെയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷമാണ് സംവിധായകന്‍ കെ മധു അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചന. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുകയാണെന്ന് സംവിധായകന്‍ കെ മധു പറഞ്ഞു. നിലവിലെ പ്രതിസന്ധി നീങ്ങിയാല്‍ ചിത്രത്തിന് തുടക്കമാകുമെന്നും സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടി, മുകേഷ്, രഞ്ജി പണിക്കര്‍, സൗബിന്‍, സായ്കുമാര്‍ എന്നിവര്‍ക്ക് പുറമെ ഏറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
എറണാകുളം,തിരുവനന്തപുരം,ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന ‘വിരുന്ന’് എന്ന പുതിയ ചിത്രത്തിലും ആശ ശരത്താണ് കേന്ദ്രകഥാപാത്രം. ദിലീപ് നായകനായ ജാക് ആന്‍റ് ഡാനിയേലിനു ശേഷം അര്‍ജ്ജുന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആശയുടേത്. ആശ ശരത്തിന്‍റെ കഥാപാത്രത്തിലൂടെയാണ് വിരുന്നിന്‍റെ കഥ വികസിക്കുന്നത്. ദിനേശ് പള്ളത്തിന്‍റേതാണ് കഥ, തിരക്കഥ, സംഭാഷണം . ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാലുടന്‍ ചിത്രീകരണം ആരംഭിക്കും. മുകേഷ്, അജു വര്‍ഗ്ഗീസ്, ഹരീഷ് പേരടി, ബൈജു എന്നിവര്‍ക്ക് പുറമെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബി കെ ഹരിനാരായണന്‍ , റഫീക്ക് അഹമ്മദ് എന്നിവരുടേതാണ് ഗാനരചന.
തനിക്കേറെ അഭിനയ സാധ്യതയുള്ള രണ്ട് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ആശ ശരത്ത് പറഞ്ഞു. പ്രത്യേകിച്ച് രാജ്യത്തെ ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആരാധിക്കുന്ന രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍. മമ്മൂക്കയോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് മമ്മൂക്ക. അര്‍ജ്ജുനെയും ഞാന്‍ വളരെ ബഹുമാനത്തോടെ കാണുന്ന താരമാണ്. ഭാഗ്യം കൊണ്ട് ഈ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ആശ ശരത്ത് പറയുന്നു.
പി ആര്‍ സുമേരന്‍ ( പി ആര്‍ ഒ )