മഴക്കെടുതിയില്‍ ആശ്വാസമേകി അന്‍പോട് കൊച്ചി

കൊച്ചി: മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സഹായ ഹസ്തവുമായി അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അന്‍പോട് കൊച്ചിയുടെ സഹകരണത്തോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ സംയുക്തമായി ശേഖരിച്ചു വരികയാണ്. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍മാരായ എം.ജി രാജമാണിക്യം, മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അവശ്യ സാധനങ്ങളുടെ ശേഖരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 28 ടണ്ണോളം സാധന സാമഗികളാണ് ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ഈ മാസം 11 മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് സാധനങ്ങള്‍ നല്‍കാനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. പണം, ഉപയോഗിച്ച വസ്ത്രങ്ങള്‍, പാചകത്തിനുള്ള എണ്ണ, ചെറിയ കുപ്പി വെള്ളം, ബ്രെഡ്, ക്രീം ബിസ്‌കറ്റുകള്‍, പച്ചക്കറികള്‍, പാല്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

പ്രമുഖ സിനിമാ താരങ്ങള്‍, സര്‍വ്വീസ് സംഘടനകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതു സാമ്പത്തിക സ്ഥാപനങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. കൂടാതെ സ്വകാര്യ വ്യക്തികളും അവശ്യ വസ്തുക്കള്‍ നല്‍കുന്നുണ്ട്. വയനാട്, തൊടുപുഴ, ഇടുക്കി, അടിമാലി, പാലക്കാട് തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് നിലവില്‍ സാധനങ്ങള്‍ കയറ്റി അയക്കുന്നത്. സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനത്തിനൊപ്പം ഒന്നോ രണ്ടോ അന്‍പോട് കൊച്ചി പ്രവര്‍ത്തകരും പോകും. സാധനങ്ങള്‍ യഥാര്‍ത്ഥ സ്ഥലങ്ങളില്‍ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇവരും കൂടെ പോകുന്നത്. അയക്കുന്ന സാധനങ്ങള്‍ അതത് ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങും. പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. കൂടാതെ ഡെപ്യൂട്ടി കളക്ടര്‍ മധു കെ, അന്‍പോട് കൊച്ചി സീനിയര്‍ വോളണ്ടിയര്‍മാരായ ഇന്ദു ജയറാം, ജെറി ജെര്‍മിയ ഡി കൊയ്‌ലോ, നോബി ആന്റണി എന്നിവരും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ട്. വ്യാപകമായ ബഹുജന പങ്കാളിത്തത്തോടെ മഴക്കാല ദുരിതങ്ങളെ നേരിടാന്‍ നടത്തുന്ന പദ്ധതിയാണ് ഇതെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന റിലീഫിംഗ് ഡിസ്ട്രിബ്യൂഷന്‍ ഡ്രൈവിലേക്ക് ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ബിരുപക്ഷ്യ ബിശ്വാലിന്റെ നേതൃത്വത്തിലുള്ള മുപ്പത്തിയേഴ് എന്‍ഡിആര്‍എഫ് പ്രവര്‍ത്തകര്‍ എല്ലാ സഹായങ്ങള്‍ക്കും മുന്നിലുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ച് കൊടുക്കുകയും രണ്ടാം ഘട്ടത്തില്‍ വെള്ളം കയറിയ വീടുകളും പ്രദേശങ്ങളും വൃത്തിയാക്കാനായി ക്ലീനിംഗ് ഡ്രൈവ് നടത്തുകയും ചെയ്യുമെന്ന് അന്‍പോട് കൊച്ചി സീനിയര്‍ വോളണ്ടിയര്‍ ഇന്ദു ജയറാം പറഞ്ഞു. അരി, പലവ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, ചെരുപ്പുകള്‍, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങി എല്ലാ അവശ്യ സാധനങ്ങളും ആളുകള്‍ എത്തിക്കുന്നുണ്ട്. അന്‍പോട് കൊച്ചി തയ്യാറാക്കിയ അവശ്യസാധനങ്ങളുടെ ലിസ്റ്റ് അനുസരിച്ചാണ് ആളുകള്‍ സാധനങ്ങള്‍ എത്തിക്കുന്നത്. പാചകത്തിനുള്ള പാത്രങ്ങള്‍, അരി, പയറുവര്‍ഗങ്ങള്‍ എന്നിവ കരുതാനുള്ള പാത്രങ്ങള്‍, ബക്കറ്റുകള്‍, മഗ്ഗുകള്‍, ക്ലീനിംഗ് ഐറ്റംസ്, പുതപ്പുകള്‍, പായകള്‍, ലുങ്കികള്‍, നൈറ്റികള്‍, മണ്ണെണ്ണ സ്റ്റൗ എന്നിവയാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. സാധനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ ആഗസ്റ്റ് 15 ന് രാത്രി ഒന്‍പത് മണിക്ക് മുന്‍പായി എത്തിക്കേണ്ടതാണ്.

admin:
Related Post