മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ ൽ അഭിപ്രായഭിന്നത. അമ്മയിൽ ഗുണ്ട പണി നടക്കില്ലെന്ന് ചില താരങ്ങൾ പ്രതികരിച്ചു. ദിലീപിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘടനയിൽ കലാപം നടക്കുന്നത്.
കഴിഞ്ഞ ദിവസം നടൻ സിദ്ധിഖും നടി കെ.പി എസ്.സി ലളിതയും നടത്തിയ വാർത്ത സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടനയിൽ ഭിന്നത ഉണ്ടായത്. വാർത്ത സമ്മേളനത്തിലുടനീളം സിദ്ധിഖ് ദിലീപിനെ അനുകൂലിക്കുകയാണ് ചെയ്തത്. ഇതിനിതിരെ ചില നടൻമാർ രംഗത്തെത്തിയിരുന്നു. സംഘടന അറിയാതെയാണ് ഇത്തരത്തിലൊരു വാർത്ത സമ്മേളനം നടത്തിയതെന്നും സിദ്ധിഖ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും നടൻ ബാബുരാജ് പറഞ്ഞു.
സിദ്ധിഖിന് മുന്നറിയിപ്പുമായി ജഗദീഷും രംഗത്തെത്തി. പ്രസിഡന്റിനൊപ്പം നമ്മള്‍ എല്ലാവരുമുണ്ട്. അതില്‍ കവിഞ്ഞ ഒരു പോസ്റ്റ് AMMAയില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല, അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല എന്നാൽ ഗൂഢലക്ഷ്യങ്ങൾ നടപ്പാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വിലപ്പോവില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃം ഉണ്ടാകണം. അച്ചടക്കം തീര്‍ച്ചയായും വേണം. പക്ഷെ അതേസമയം വ്യക്തികളെ ഭീഷണിപ്പെടുത്തുക, കരിയര്‍ ഇല്ലായ്മ ചെയ്യുമെന്ന് പറയുക എന്നിവ ഇനിം നടക്കില്ല എന്നും ജഗദീഷ് പറഞ്ഞു.