സിനിമയെ വെല്ലുന്ന കഥാവഴിത്തിരിവുമായി ആലപ്പുഴ മാന്നാറിലെ കല തിരോധാനത്തിന്റെ ചുരുൾ അഴിയുന്നു. പൊലീസിന് എത്തിയ ഊമക്കത്തിന്റെ പിറകെ നടന്ന അന്വേഷണത്തിൽ കണ്ടെത്താനായത് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിയുന്ന കാര്യങ്ങളാണ്.
ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കലയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. പരിശോധനയിൽ ലഭിച്ച അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കാണാതായ കലയുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ. കലയുടെ ഭർത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ ലഭിച്ചത്.
അനിലിന്റെ വീടിനോട് ചേർന്ന് നേരത്തെ സെപ്റ്റിക് ടാങ്ക് നിലനിന്നിരുന്ന സ്ഥലത്ത് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചാണ് പരിശോധന. പഴയ സെപ്റ്റിക് ടാങ്കിൽ നിന്ന് അവശിഷ്ടങ്ങൾ ലഭിച്ചതോടെ പുതിയ സെപ്റ്റിക് ടാങ്കും തുറന്ന് പരിശോധിക്കുന്നുണ്ട്. കലയുടെ ഭർത്താവ് അനിൽ ഇസ്രായേലിൽ ജോലി ചെയ്തുവരുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
കലയെ ഭർത്താവ് അനിലും ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ച് പേരും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതെന്നായിരുന്നു പൊലീസിന് ലഭിച്ച മൊഴി. ഇതേ തുടർന്ന് അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനുരാജൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലെടുത്ത ജിനു രാജനെ സ്ഥലത്തെത്തിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടത്തുന്നത്. കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.