ഭാവനയുടെ പത്രക്കുറിപ്പ് പുറത്ത്

തനിക്കെതിരെ അനാവശ്യപരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്ന് നടി ഭാവന.

ഭാവനയുടെ പത്രക്കുറിപ്പ് വായിക്കാം–

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ

ഫെബ്രുവരിയിൽ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാൻ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ എന്നെ സ്നേഹപൂർ‌വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവർ എന്നോടു സൂചിപ്പിച്ചിരുന്നു.ഞാൻ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോൾ‌ മാധ്യമങ്ങളിൽ ഒരു പാടു വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരാതിരുന്നപ്പോൾ കേസ് ഒതുക്കി തീർത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോൾ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.

കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട് . പൊലീസിൽ എനിക്കു പൂർണ്ണ വിശ്വാസവുമുണ്ട്. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാൻ സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു അവർ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ചു അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങൾ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാൻ പൊലീസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാൻ സമൂഹ്യ മാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരാമർശിച്ചിട്ടില്ല.

പുറത്തു വന്ന പേരുകളിൽ ചിലരാണു ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകൾ എന്റെ കൈവശമില്ല. . അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പൾസർ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഒരു നടൻ പറഞ്ഞതു ശ്രദ്ധയിൽപ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ എന്നെക്കുറിച്ചു പറഞ്ഞാൽ ആവശ്യമെങ്കിൽ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാൽ അതിനും ഞാൻ തയ്യാറാണ്. എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവർ നിയമത്തിനു മുന്നിൽ വരണം എന്നു ഞാൻ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാർഥമായി വിശ്വസിക്കുന്ന ഓരോരുത്തർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു.

admin:
Related Post