2019ല്‍ മലയാള സിനിമയില്‍ സംഭവിച്ചത് തിയേറ്റര്‍ ഹിറ്റുകള്‍ 7, മുടക്കുമുതല്‍ തിരിച്ചു പിടിച്ചത് 23 ചിത്രങ്ങള്‍

മലയാള സിനിമയില്‍ പതിവ് തെറ്റിക്കാതെ തന്നെയാണ് 2019 കടന്നു പോവുന്നത്. നഷ്ടടങ്ങളും ലാഭങ്ങളും ഇടകലര്‍ന്ന വര്‍ഷം. പിന്നെ വര്‍ഷാവസാനത്തില്‍ കുറച്ച് വിവാദങ്ങളും.
വാണിജ്യപരമായും കലാമൂല്യം കൊണ്ടും നേട്ടങ്ങളും കോട്ടങ്ങളും ധാരാളം ഉണ്ടായ വര്‍ഷം. ക്രാഫ്റ്റ് തെളിയിച്ച് നിരവധി പുതുമുഖ സംവിധായകര്‍ വരവറിയിച്ചപ്പോള്‍ ഒരേ ആച്ചിലുള്ള സിനിമകള്‍ക്കും ക്ഷാമം ഉണ്ടായില്ല.
സൂപ്പര്‍താര പരിവേഷങ്ങളും വന്‍ മുതല്‍മുടക്കും സിനിമകളെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതില്‍ ഘടകമല്ല എന്ന് മറ്റ് വര്‍ഷങ്ങള്‍പോലെ ഈ വര്‍ഷവും ബോധ്യപ്പെട്ടു. മുടക്കുമുതല്‍ തിരിച്ചുകിട്ടിയ 23 പടങ്ങളില്‍ 7 എണ്ണം മാത്രമാണ് തിയേറ്ററിലെ കളക്ഷന്‍കൊണ്ടു തന്നെ അതു നേടിയത്. ബാക്കിയുള്ളവ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളില്‍ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപെട്ടത്. 197 പടങ്ങളില്‍ 10 കോടിയിലേറെ മുതല്‍മുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതല്‍ മുടക്കുണ്ട്. ശരാശരി 5 കോടി മുതല്‍മുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങള്‍ 80 എണ്ണമെങ്കിലുമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ആദ്യ തിയറ്റര്‍ ബോക്സ് ഓഫിസ് ഹിറ്റ് വിജയ് സൂപ്പറും പൗര്‍ണമിയുമായിരുന്നു. കെട്യോളാണെന്റെ മാലാഖ അവസാനം ഹിറ്റായി. ലാഭത്തില്‍ മുന്നില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളാണ്. 2 കോടിയില്‍ താഴെ മുതല്‍മുടക്കില്‍ 15 കോടി കളക്ഷന്‍ നേടി.

തിയേറ്ററില്‍ ഹിറ്റായ പടങ്ങള്‍:

1. വിജയ് സൂപ്പറും പൗര്‍ണമിയും. 2. കുമ്പളങ്ങി നൈറ്റ്‌സ്. 3. ലൂസിഫര്‍. 4. ഉയരെ. 5. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. 6.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. 7.കെട്ട്യോളാണെന്റെ മാലാഖ

സാറ്റലൈറ്റ്,ഡിജിറ്റല്‍ റൈറ്റ്സിലൂടെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചവ.

1.അള്ള് രാമചന്ദ്രന്‍. 2.അഡാറ് ലൗ. 3.ജൂണ്‍. 4.കോടതി സമക്ഷം ബാലന്‍ വക്കീല്‍. 5.മേരാ നാം ഷാജി. 6.അതിരന്‍. 7.ഒരു യമണ്ടന്‍ പ്രണയകഥ. 8.ഇഷ്‌ക്ക്. 9.വൈറസ്. 10.ഉണ്ട. 11. പതിനെട്ടാംപടി. 12.പൊറിഞ്ചു മറിയം ജോസ്. 13.ലൗ ആക്ഷന്‍ ഡ്രാമ. 14.ഇട്ടിമാണി. 15.ബ്രദേഴ്‌സ് ഡേ.16.ഹെലന്‍

ജനുവരി ആദ്യവാരം ഇറങ്ങിയ തന്‍സീര്‍ മുഹമ്മദിന്റെ ജനാധിപനും, രാജീവ് നടുവിനാടിന്റെ 1948 കാലം പറഞ്ഞതും ആണ് 2019 ലെ ഓപ്പണിംഗ് സിനിമകള്‍. രണ്ടും കാര്യമായ തീയേറ്റര്‍ വിജയം നേടാനാകാതെയാണ് പോയത്. ജനുവരി 11 ന് റിലീസ് ചെയ്ത ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണമിയും ആണ് കഴിഞ്ഞ വര്‍ഷത്തെ ആദ്യ ഹിറ്റ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണങ്ങാേടെ വിജയം കൊയ്തു.
സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ഫീല്‍ ഗുഡ് സിനിമയുമായി എത്തിയ ജിസ് ജോയ് ചിത്രം ഈ വര്‍ഷത്തെ ഇതുവരെയുള്ള മികച്ച കളക്ഷന്‍ നേടിയ സിനിമകളിലൊന്നായി മാറി. പ്രമുഖ താരങ്ങളുടെ അധികം സിനിമകള്‍ ആ സമയത്ത് തീയറ്ററില്‍ ഇല്ലാതിരുന്നതും സിനിമയ്ക്ക് ഗുണമായി. സിനിമാ പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ കുറേയൊക്കെ നല്‍കിയാണ് 2019 കടന്നു പോകുന്നത്. വീണ്ടും കണ്ടന്റാണ് വലുതെന്ന് മലയാള സിനിമ അടിവരയിട്ട് പറഞ്ഞ വര്‍ഷം. ഇതുവരെ പറയാത്ത പല വിഷയങ്ങളും, ഇതുവരെ പറഞ്ഞ രീതിയില്‍ നിന്നും മാറി അവതരിപ്പിച്ച വിഷയങ്ങളും കൊണ്ട് സമ്പന്നമായ വര്‍ഷം.

admin:
Related Post