വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് 11 പേര്‍ മരിച്ചു. എട്ട് പേര്‍ ഗുരുതരാവസ്ഥയിലും 36 പേര്‍ അസ്വസ്ഥതകളോടെയും ആശുപത്രികളിലുണ്ട്. ആര്‍.ആര്‍ വെങ്കിട്ടപുരത്ത് വ്യാവസായിക മേഖലയില എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രീസിലാണ് രാസവാതകം ചോര്‍ന്നത്. മരിച്ചവരില്‍ ഒരാള്‍ എട്ട് വയസ്സുകാരിയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. ദുരന്ത നിവാരണ സേനയും അഗ്‌നിശമന സേനയും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വിഷവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക് കണ്ണിന് നീറ്റലും ശ്വാസിക്കാന്‍ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ആംബുലന്‍സുകള്‍ക്ക് പുറമെ ഗുഡ്‌സ്, ഓട്ടോറിക്ഷ, കാര്‍ എന്നിവയിലെല്ലാമാണ് ആളുകളെ വിശാഖപട്ടണത്തെ കിങ് ജോര്‍ജ്ജ് ആശുപത്രിയിലെത്തിച്ചത്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ആശുപത്രിയിലെത്തി. 200ലധികം പേരെ ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവം നടന്നയുടന്‍ പ്രദേശമാകെ പുകപടലം നിറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആയിരത്തിലധികം പേരെയാണ് വിഷവാതക ചോര്‍ച്ച നേരിട്ട് ബാധിച്ചത്. ബൈക്ക് യാത്രക്കിടെ ബോധരഹിതരായി വീണവരുടെയും അഴുക്കുചാലുകളില്‍ വീണുകിടക്കുന്നവരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മനുഷ്യര്‍ക്ക് പുറമെ കന്നുകാലികളും ദുരന്തത്തിന് ഇരയായി.22ലധികം പശുക്കള്‍ ചത്തു.
അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിരുന്നു. പ്ലാസ്റ്റിക്കും അനുബന്ധ വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍നിന്നാണ് വാതകം ചോര്‍ന്നത്. 1961ല്‍ ഹിന്ദുസ്ഥാന്‍ പോളിമേര്‍സ് എന്ന പേരിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നു. ലോക്ഡൗണായതിനാല്‍ അടച്ചിട്ടിരുന്ന പ്ലാന്റ്് കഴിഞ്ഞദിവസമാണ് തുറന്നത്.
സംഭവത്തെില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വെ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു. ജില്ല ഭരണകൂടത്തോട് അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാസക്കമ്മീഷന്‍ കേസെടുത്തു.