കല്‍പ്പറ്റ/പത്തനംതിട്ട: ഏതാനുംദിവസങ്ങളായി ലോകത്തുടനീളം നാശം വിതച്ചുവരുന്ന മാൽവെയർ വാനാക്രൈ വൈറസ് വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കമ്പ്യൂട്ടറുകളിലുമാണ് വാനാക്രൈ വൈറസുകള്‍ കണ്ടെത്തിയത്. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി ഫയലുകള്‍ ലോക്ക് ചെയ്യുന്നതാണ് വാനാക്രൈ മാല്‍വേറുകളുടെ ശൈലി.
തരിയോട് പഞ്ചായത്തിലെ കംപ്യൂട്ടറുകളിലാണ് ആക്രമണം കണ്ടെത്തിയത്. അവധി ദിവസമായ ഞായറാഴ്ച്ച കഴിഞ്ഞ് ഇന്ന് ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ കമ്പ്യൂട്ടറുകള്‍ തുറന്നപ്പോള്‍ ആണ് “വാനാക്രൈ മാല്‍വേറുകള്‍” ഫയലുകള്‍ ലോക്ക് ചെയ്തതായി കണ്ടെത്തിയത്. ഇവിടുത്തെ 4 കംപ്യൂട്ടറുകളിലെ മുഴുവൻ ഫയലുകളും തുറക്കാൻ കഴിയാതെയായി. പണം അടച്ചില്ലെങ്കിൽ ഫയലുകൾ നശിപ്പിക്കുമെന്നാണ് ഭീഷണി. കമ്പ്യൂട്ടറുകളിൽ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ 300 ഡോളർ മൂല്യമുള്ള ബിറ്റ്‌കോയിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്നു ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ തുക ഇരട്ടിക്കുമെന്നാണ് ഭീഷണി.ഇന്ത്യ ഉൾപ്പെടെ 150 ൽ പരം രാജ്യങ്ങളിലെ രണ്ടു ലക്ഷം കംപ്യൂട്ടറുകളായാണ് ഇതിനകം വാനാക്രൈ ആക്രമണത്തിൽ തകർന്നത്. ഈ സൈബര്‍ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എ ടിഎമ്മുകള്‍ അടച്ചിടണമെന്നു ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.