തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ ഇനി സിംഹങ്ങളില്ല. പാര്‍ക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി. ബിന്ദുവെന്ന പെണ്‍സിംഹമാണ് ബുധനാഴ്ച രാവിലെ ചത്തത്. ഇതോടെ പേരില്‍ മാത്രം സിംഹമുളള പാര്‍ക്കാവുകയാണ് ലയണ്‍ സഫാരി.
രണ്ടായിരത്തില്‍ പാര്‍ക്കില്‍ ജനിച്ച് വളര്‍ന്ന ബിന്ദുവിന്റെ ആരോഗ്യ നില കഴിഞ്ഞയാഴ്ചയാണ് മോശമായത്. 1984 ല്‍ നാല് സിംഹങ്ങളുമായായിരുന്നു നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്കിന്റെ തുടക്കം. ബിന്ദു യാത്രയാകുന്നതോടെ 36 വര്‍ഷങ്ങള്‍ക്കിപ്പുറം പാര്‍ക്കിന് സിംഹങ്ങള്‍ അന്യമായിരിക്കുന്നു.
17 സിംഹമുള്ള കാലമുണ്ടായിരുന്നു. പാര്‍ക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു അക്കാലത്ത്. എന്നാല്‍ സിംഹങ്ങളുടെ എണ്ണം കുറയ്ക്കാന്‍ 2005 ല്‍ വന്ധ്യംകരണം നടത്തി. പിന്നാലെയുണ്ടായ അണുബാധയും അസുഖങ്ങളുമാണ് പാര്‍ക്കിന്റെ നാശത്തിന് തുടക്കമിട്ടത്. സിംഹങ്ങളുടെ എണ്ണം കുറഞ്ഞതോടെ പാര്‍ക്ക് വന്യമൃഗങ്ങളുടെ ചികിത്സ കേന്ദ്രമാക്കി മാറ്റാന്‍ നീക്കമുണ്ടായിരുന്നു.
2018 പാര്‍ക്കിലുണ്ടായിരുന്നത് വെറും രണ്ട് സിംഹങ്ങള്‍. കൂട്ടിനുണ്ടായിരുന്ന നാഗരാജന്‍ കഴിഞ്ഞ മാസം ചത്തതോടെ പാര്‍ക്കില്‍ ബിന്ദു തനിച്ചായി. ഇപ്പോള്‍ ബിന്ദുവും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാര്‍ക്കില്‍ തന്നെ മറവുചെയ്തു.
English Summary: Neyyar Lion Safari Park without lions