ട്വിറ്ററിന്‍റെ പ്രസ്താവന അപകീർത്തികരം, രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാവണം; കേന്ദ്ര സര്‍ക്കാ

സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രം. ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണമെന്നും നിയമം എന്തായിരിക്കണമെന്ന് നിർദേശിക്കേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.

വിഷയത്തില്‍ ട്വിറ്റര്‍ ഉരുണ്ടുകളിക്കുന്നത് നിര്‍ത്തി രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണം. നിയമനിര്‍മാണവും നയരൂപവത്കരണവും രാജ്യത്തിന്റെ സവിശേഷാധികാരമാണ്. ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം മാത്രമായ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് നിര്‍ദേശിക്കാനാവില്ല. ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുമുള്ളതാണെന്നും കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ലാഭം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന വിദേശ സ്വകാര്യ കമ്പനിയായ ട്വിറ്ററിന്റെ സവിശേഷാധികാരമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതായ മഹത്തായ ജനാധിപത്യ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സര്‍ക്കാര്‍ വിലമതിക്കുന്നു. എന്നാല്‍ ട്വിറ്ററിന്റെ താര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം. അതിന്റെ ഫലമായി ഏകപക്ഷീയമായി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്യപ്പെടുകയും ട്വീറ്റുകള്‍ ഡീലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു, പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകളും വാക്‌സിനെതിരായ പ്രചാരണം നടത്തുന്ന പോസ്റ്റുകളും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമ കമ്പനികളുടെ പ്രതിനിധികള്‍ക്ക് ഒരുവിധത്തിലുള്ള ഭീഷണികളും ഉണ്ടാകില്ലെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കുമെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും ട്വിറ്റര്‍ പ്രതികരിച്ചിരുന്നു. ‘ഞങ്ങളുടെ സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നതിന് വേണ്ടി രാജ്യത്ത് ബാധകമായ നിയമങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കും. എന്നാല്‍ ലോകമെമ്പാടും ഞങ്ങള്‍ ചെയ്യുന്നത് പോലെ സുതാര്യതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍,അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കല്‍, സ്വകാര്യത സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങള്‍ തുടരും’, ട്വിറ്റര്‍ വക്താവ് പറഞ്ഞു.

ഇപ്പോള്‍, ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങളിലും, ഞങ്ങള്‍ സേവനം നല്‍കുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങള്‍ ആശങ്കാകുലരാണ്. ട്വിറ്ററിന്റെ ആഗോള സേവന  നിബന്ധനകള്‍ നടപ്പിലാക്കുന്നതിനെതിരേ പോലീസ് ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാനഘടകങ്ങള്‍ സംബന്ധിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.
ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ ‘വിവരസാങ്കേതികവിദ്യാ ചട്ടം’ (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. കമ്പനികള്‍ ചീഫ് കംപ്ലിയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട് പേഴ്‌സണ്‍, റെസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ ഇന്ത്യയില്‍ നിയമിക്കണമെന്ന് ചട്ടത്തിലുണ്ട്. കമ്പനികള്‍ക്ക് അതുനടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കി. ബുധനാഴ്ച സമയം അവസാനിച്ചിരുന്നു.

English Summary: Twitter’s statement is defamatory and the country must be prepared to obey the law

admin:
Related Post