ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെ പോലീസ് അതിക്രമം

പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിക്ക് നീതി തേടി സമരത്തിനെത്തിയ ബന്ധുക്കള്‍ക്ക് നേരെ പോലീസ് അതിക്രമം.മകന്‍റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് സത്യഗ്രഹ സമരത്തിനെത്തിയ അമ്മയടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ പോലീസും ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരത്തിനെത്തിയവരെ തടഞ്ഞ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പോലീസ് വലിച്ചി‍ഴച്ചാണ്  വാഹനത്തില്‍ കയറ്റിയത് . ജിഷ്ണുവിന്‍റെ അമ്മയും അച്ഛനും അമ്മാവനും അടക്കമുള്ളവരാണ് സമരത്തിനെത്തിയത്. അമ്മ മഹിജയ്ക്കും അമ്മാവനും മര്‍ദ്ദനമേറ്റു. മഹിജയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രേവശിപ്പിച്ചു.

ഡിജിപിയുടെ ഓഫീസ് അതീവസുരക്ഷാമേഖലയാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.വി എസ് അച്യുതാനന്ദന്‍ ഡിജിപിയെ വിളിച്ച് ശകാരിച്ചു. പൊലീസ് അതിക്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിഎസ് പറഞ്ഞു. ജിഷ്ണുവിന്‍റെ ഘാതകരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെ അതിക്രമം കാണിക്കുകയല്ല വേണ്ടത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് സര്‍ക്കാരിനെ നാറ്റിക്കരുതെന്നും വിഎസ് ഡിജിപിയോട് പറഞ്ഞു.പോലീസ് നടപടി നീതീകരിക്കാന്‍ ക‍ഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ ബന്ധുക്കളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഡിജിപി ലോക്നാഥ് ബഹ്റക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി

 

 

admin:
Related Post