കർഷകസമരം ; ഇന്ന്‌ പത്താംവട്ട ചർച്ച

ന്യൂഡൽഹി :കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശി കേന്ദ്രം തുടരുന്ന സാഹചര്യത്തിൽ കർഷകപ്രക്ഷോഭം  രാഷ്ട്രീയപോരാട്ടമായി മാറും. എൻഡിഎയും ബിജെപിയും ഒഴികെയുള്ള പാർടികൾ ഇതിനകം കർഷകപ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു‌.

പ്രക്ഷോഭം സ്വതന്ത്രമായി ഉയർന്നുവന്നതാണെങ്കിലും രാഷ്ട്രീയസ്വഭാവമുള്ള ആവശ്യങ്ങളാണ്‌ കർഷകർ ഉയർത്തുന്നത്‌. സമരം അവസാനിപ്പിക്കാൻ രാഷ്ട്രീയതീരുമാനമാണ്‌ കേന്ദ്രം എടുക്കേണ്ടതും.

രാജ്യത്തെ കാർഷികമേഖലയിലെ സാമൂഹ്യ, സാമ്പത്തിക വശങ്ങളുമായി ബന്ധപ്പെട്ടതാണ്‌ കർഷകരുടെ ആശങ്കകൾ. കേന്ദ്രത്തിന്റെ നിയമങ്ങൾ സൃഷ്ടിക്കുന്ന ആഘാതം സ്വയം തിരിച്ചറിഞ്ഞാണ്‌ കർഷകർ പോരാട്ടം തുടങ്ങിയത്‌. സമരവേദികളിൽനിന്ന്‌ രാഷ്ട്രീയനേതാക്കൾ വിട്ടുനിന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. എന്നാൽ, പ്രക്ഷോഭകരോട്‌ കേന്ദ്രം സ്വീകരിച്ച നിലപാട്‌ ബിജെപിയിതര രാഷ്ട്രീയപാർടികൾ സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കാൻ ഇടയാക്കി. ഡിസംബർ എട്ടിന്റെ ഭാരത ഹർത്താലിന്‌ 25 രാഷ്ട്രീയപാർടി പിന്തുണ നൽകി. ഇതിൽ ചില പാർടികൾ മുമ്പ്‌ എൻഡിഎയുടെ ഭാഗമായിരുന്നു. മറ്റു ചില പാർടികൾ പാർലമെന്റിൽ കാർഷികനിയമങ്ങളെ അനുകൂലിച്ചവരാണ്‌.

കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും ജീവനക്കാരുടെ ഫെഡറേഷനുകളുടെയും പൊതുവേദി കർഷകസമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നവംബർ 26ന്റെ പണിമുടക്കിൽ 30 കോടിയോളം പേർ പങ്കാളികളായി. വരുംദിവസങ്ങളിൽ വിവിധ രാജ്‌ഭവനുകൾക്ക്‌ മുന്നിൽ നടക്കുന്ന ധർണകളിൽ കർഷകരും തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുക്കും.
ഇന്ന്‌ പത്താംവട്ട ചർച്ചകർഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള പത്താംവട്ട ചർച്ച ബുധനാഴ്‌ച നടക്കും. കാർഷികനിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന്‌ സമരസമിതി വ്യക്തമാക്കി. മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും ഇല്ലാതാകണമെന്ന ആവശ്യത്തിന്മേലാണ്‌ നൂറുകണക്കിന്‌ കർഷകസംഘടനകൾ ഒന്നിച്ചിരിക്കുന്നത്‌. ഇതിന്മേൽ വെള്ളം ചേർക്കാൻ കഴിയില്ലെന്നും‌ നേതാക്കൾ പറഞ്ഞു.

admin:
Related Post