കൊച്ചി: പ്രമുഖ മിമിക്രി താരവും മലയാള നടനുമായ അബി (52) അന്തരിച്ചു. രക്താർബുദത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.‘തൃശ്ശിവപേരൂർ ക്ലിപ്ത’മാണ് അവസാന സിനിമ.യുവനടൻ ഷെയൻ നിഗം മകനാണ്.
കലാഭവനിലൂടെയാണ് അബി മിമിക്രിരംഗത്തെത്തിയത്. തനതായ മികവുകളിലൂടെ മിമിക്രി രംഗത്ത് തന്റെതായ സ്ഥാനമുറപ്പിക്കാന്‍ അബിക്ക് സാധിച്ചു. അമിതാഭ് ബച്ചനായും ആമിനാ താത്തയായും സ്റ്റേജിലെത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി.
സിനിമയിൽ അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല. ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത്.
ഖബറടക്കം ഇന്ന് 6.30ന് മൂവാറ്റുപുഴ ജുമാ മസ്ജിദിൽ നടക്കും