ആക്ഷൻ എന്റർടെയിനർ വെണ്ണിലാ കബഡി കുഴു 2

2009 – ൽ തമിഴ് സിനിമയിലെ ട്രെൻഡ് സെറ്റർ മൂവിയായിരുന്നു വെണ്ണിലാ കബഡി കുഴു . സുശീന്ദ്രൻ എന്ന മികച്ച സംവിധായകനെ തമിഴ് സിനിമയ്ക്ക് നൽകിയ , വിഷ്ണു വിശാൽ എന്ന നടന് കരിയറിൽ വഴിത്തിരിവ് നൽകിയ അത്ഭുത വിജയ ചിത്രം . ഇപ്പോഴിതാ പതിറ്റാണ്ടിനു ശേഷം ആ സിനിമയുടെ രണ്ടാം ഭാഗം പ്രദർശനത്തിനെത്തുന്നു . “വെണ്ണിലാ കബഡി കുഴു 2”. ഇക്കുറി സംവിധായകൻ പുതുമുഖം  സെൽവ ശേഖരനാണ്.നായകൻ വിക്രാന്ത്. നായിക മലയാളിയായ അർത്ഥനാ ബിനുവും. കൂടാതെ സൂരി, കിഷോർ,പശുപതി, യോഗി ബാബു, അപ്പുക്കുട്ടി, കഞ്ചാ കറുപ്പ് തുടങ്ങി തമിഴ് സിനിമയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നു. ‘കടക്കുട്ടി സിങ്ക’ത്തിന് ശേഷം അർത്ഥനക്ക് ലഭിച്ച ശക്തമായ നായികാ കഥാപാത്രമത്രേ  “വെണ്ണിലാ കബഡി കുഴു 2” ലേത്.
         

തമിഴകത്തിന്റെ ജനകീയ കായിക വിനോദമായ കബഡിയുടെ പശ്ചാത്തലത്തിൽ ആദ്യന്തം സസ്പെൻസ് നിലനിർത്തി കൊണ്ടുള്ള ആക്ഷൻ, നർമ്മം, വൈകാരികത, പ്രണയം എന്നീ ഘടകങ്ങളെല്ലാം സമന്വയിപ്പിച്ച് കൊണ്ടുള്ള അവതരണശൈലിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ സെൽവ ശേഖരൻ സ്വീകരിച്ചിട്ടുള്ളത്. സുശീന്ദ്രൻ തന്നെയാണ് കഥ എഴുതിയിരിക്കുന്നത്. 1987 ലാണ് കഥ നടക്കുന്നത്. വെണ്ണിലാ കബഡി കുഴുവിൽ നായകൻ മരിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അതോടു കൂടി വെണ്ണിലാ കബഡി ടീമും ഇല്ലാതാകുന്നു. രണ്ടാം ഭാഗത്തിൽ അപരിചിതനായ ഒരു യുവാവ്  അതേ വെണ്ണിലാ കബഡി ടീമിന് പുനർ ജന്മം നൽകാൻ നാട്ടിലെത്തുന്നു.  ഒട്ടേറെ ദുരൂഹതകളുമായി നാട്ടിലെത്തുന്ന  ആ അപരിചിത യുവാവ്  ആരാണ് ?  ആ  യുവാവ് വീണ്ടും എങ്ങിനെ അതേ ടീം ആരംഭിക്കും ? എന്തിന് വേണ്ടിയാണ് അവൻ ഈ നാട്ടിലെത്തി ടീം ആരംഭിക്കുന്നത് ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളിലൂടെയും ദുരൂഹതകളിലൂടെയുമാണ്  “വെണ്ണിലാ കബഡി  കുഴ് 2”ന്റെ കഥാ പ്രയാണം തുടങ്ങുന്നത്.
       

” സ്പോർട്സ് പശ്ചാത്തലത്തിൽ ആദ്യന്തം  സസ്പെൻസ് നിലനിർത്തി കൊണ്ടുള്ള , നർമമത്തിന്റെ അകമ്പടിയോടെയുള്ള ആക്ഷൻ എന്റർടൈനറാണ് എന്റെ കന്നി സംവിധാന സംരംഭമായ “വെണ്ണിലാ കബഡി കുഴു 2”. ഇതിലെ സംഘട്ടന രംഗങ്ങൾ അതി സാഹസികമായിട്ടാണ്‌ ചിത്രീകരിച്ചിട്ടുള്ളത്. സൂപ്പർ സുബ്ബരായനാണ് സ്റ്റണ്ട് മാസ്റ്റർ.  ഇതിൽ അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയും പ്രതികാര  കഥയും  ഇഴ പിന്നിയിട്ടുണ്ട്. പ്രായ – ലിംഗ ഭേദമന്യേ രണ്ടേകാൽ മണിക്കൂർ ഏവർക്കും സ്വയം മറന്നു ആസ്വദിക്കാൻ പറ്റുന്ന ഉദ്വേഗതയാർന്ന , ഉത്സവ പ്രതീതി പകരുന്ന  പുതുമയാർന്ന സിനിമയായിരിക്കും “വെണ്ണിലാ കബഡി കുഴു 2”. ഇതാണ് ഞാൻ പ്രേക്ഷകർക്ക് നൽകുന്ന വാഗ്ദാനം” സെൽവ ശേഖരൻ പറഞ്ഞു. സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി ജൂലായ് 12- ന്‌ ചിത്രം കേരളത്തിൽ റിലീസ് ചെയ്യും.
      

# സി. കെ. അജയ് കുമാർ, പി ആർ ഒ.

admin:
Related Post