ആഫ്രിക്കൻ ട്രിപ്പിലായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസും കുടുംബവും. അവധി ആഘോഷത്തിനിടെ ടോവിനോ പകർത്തിയ പെൺ സിംഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വെള്ളചാട്ടങ്ങളിൽ ഒന്നായ വിക്റ്റൊറിയ ഫാൾസിന് മുകളിൽ നിന്ന് ബഞ്ചി ജമ്പിങ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. മകൾക്കൊപ്പം ചെയ്ത സിപ്പ് ലൈനിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ഒരു കുടുംബചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ നാല് പേരും പ്രത്യക്ഷപെടുന്നത്.
ആഫ്രിക്കയിലെ നെൽസൺ മണ്ടേല സ്‌ക്വയറിൽ നിന്നാണ് ചിത്രം പകർത്തിയത്. നെൽസൺ മണ്ടേലയുടെ വാക്കുകൾ തന്റെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ടോവിനോ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഒന്നിനോടും ഭയമില്ലാത്തവാനല്ല യഥാർത്ഥ ബുദ്ധിമാൻ, മറിച്ച് അവൻ തന്റെ ഭയത്തെ അതിജീവിക്കുന്നവനാണ്, ഈ വലിയ മനുഷ്യൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. എന്റെ ജീവിതത്തിലെ പല സന്ദർഭങ്ങളിലും ഞാൻ വാചകം ഈ ഉപയോഗിച്ചിട്ടുണ്ട്.സിപ്പ് ലൈനിൽ കയറുന്നതിനു മുൻപ് ഞാനെന്റെ മകളോട് പറഞ്ഞതും ഇതേ വാചകം തന്നെയാണ്. അവൾ അത് വളരെ ധൈര്യമായി നേരിടുകയും ചെയ്തു, ടോവിനോ കുറിച്ചു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ ആണ് ടോവിനോയുടെ പുതിയ ചിത്രം. ഏപ്രിൽ 20 ന് റിലീസിനെത്തുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൂഡ് ആന്റണിയുടെ ‘2018’ ലും ടോവിനോ വേഷമിടുന്നുണ്ട്. ചിത്രം ഏപ്രിൽ 21 ന് തീയേറ്ററുകളിൽ എത്തും.
English Summary : Tovino and family from Nelson Mandela Square, Africa