മഞ്ജു വാര്യർ, തിലകൻ, ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’. സിനിമയിലെ മഞ്ജുവിന്റെ ഭദ്ര എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പ്രകടനമാണ് മഞ്ജു കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമയുടെ കഥ മഞ്ജുവിനോട് പറയാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ രാജീവ് കുമാർ. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.
രാജീവ് കുമാറിന്റെ വാക്കുകളിൽ നിന്ന് ” അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോൾ മഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി. കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ചേട്ടാ ഈ സിനിമയിൽ നഗ്നത ഉണ്ടോ? ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാൻ സമ്മതം മൂളി. ആ പ്രായത്തിൽ ഇത്തരത്തിലൊരു കഥ കേൾക്കുമ്പോൾ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉൾകാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ഞാൻ ഉദ്ദേശിച്ചതിനേക്കാൾ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്. അഭിനയിക്കാൻ വരുമ്പോൾ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപെട്ടിട്ടുള്ളു. സീൻ വിവരിക്കുമ്പോൾ വിശദമായി പറഞ്ഞ് കൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാൻ മഞ്ജുവിന് സാധിച്ചു. പലപ്പോഴും ഞാൻ കട്ട് പറയാൻ വരെ മറന്നുപോയി ‘ രാജീവ് കുമാർ പറഞ്ഞു. ഒരു പെണ്ണിന്റെ പ്രതികാര കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ പറയുന്നത്.
തന്റെ മാതാപിതാക്കളെ കൊന്ന നടേശൻ എന്ന മുതലാളിയെ വകവരുത്താൻ ശ്രമിക്കുന്ന ഭദ്ര എന്ന പെൺകുട്ടിയായാണ് മഞ്ജു എത്തിയത്. ശൃംഗാരവും പ്രതികരവും പ്രണയവും പകയുമെല്ലാം മാറിമാറി പകർന്നാടെണ്ടുന്ന ആ വേഷം മഞ്ജു തന്മയത്വത്തോടെ അവതരിപ്പിച്ചു. നടേശാനെന്ന കഥാപാത്രം അവതരിപ്പിച്ചത് അഭിനയകലയുടെ പെരുന്തച്ചൻ തിലകനാണ്. തിലകനും മഞ്ജു വാര്യരും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് തിലകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു – എന്റെ രംഗം ഇല്ലാത്തപ്പോൾ പോലും ഞാൻ സെറ്റിൽ പോകുമായിരുന്നു. കാരണം ആ പെൺകുട്ടിയുടെ അഭിനയം കാണണമായിരുന്നു എനിക്ക്. എങ്കിലേ എനിക്ക് ഒപ്പമെത്താൻ കഴിയു എന്നായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രേത്യേക പരാമർശം മഞ്ജുവിന് ലഭിച്ചു.