ഇ.കെ നായനാരുടെ ഗൃഹസന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വ്യക്തിബന്ധങ്ങൾ മുറിച്ചു മാറ്റാനാവുന്നതല്ലെന്നും സുരേഷ് ഗോപി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒരുപാട് ബന്ധങ്ങളുണ്ടെന്നും താൻ ബന്ധങ്ങളെ കാത്ത് സൂക്ഷിക്കുന്ന വ്യക്തികൂടിയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
തനിക് ക്ഷേത്രങ്ങളുമായുള്ള ബന്ധങ്ങളുണ്ട്, വ്യക്തികളുമായുള്ള ബന്ധങ്ങളുമുണ്ട്. എല്ലാം ഞാൻ കണക്കിലെടുത്താണ് പോകുന്നത്. എല്ലാ വിഭാഗം ആളുകളുമാണ് തന്നെ ജയിപ്പിച്ചതെന്നും തനിക്കതൊന്നും മുറിച്ച് കളയാൻ പറ്റില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. താൻ പണ്ടേ അങ്ങനെയാണ്. ഇലക്ഷൻ രീതികളിലും അങ്ങനെ തന്നെയായിരുന്നെന്നും അദ്ദേഹം ആവർത്തിച്ചു. ഇന്നലെ രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ സുരേഷ് ഗോപി ഇന്ന് രാവിലെയോെടെയാണ് നായനാരുടെ വീട്ടിലെത്തിയത്. ഇവിടെ നായനാരുടെ ഭാര്യ നൽകിയ ഭക്ഷണവും കഴിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. സുരേഷ് ഗോപി തനിക്ക് മകനെ പോലയാണാന്നും ഇപ്പോൾ വന്നാലും ഇവിടെയെത്തി ഭക്ഷണം കഴിച്ചാണ് മടങ്ങാറുള്ളതെന്നുമായിരുന്നു നായനാരുടെ ഭാര്യ ശാരദടീച്ചറിന്റെ പ്രതികരണം.
കോഴിക്കോടും കണ്ണൂരുമായി സന്ദർശനം നടത്തുന്ന സുരേഷ്‌ഗോപി ക്ഷേത്രദർശനം ഉൾപ്പടെ നടത്തിയാണ് മടങ്ങാൻ സാധ്യത. തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും ഇനിയുള്ളത് ഉത്തരവാദിത്തം നിറവേറ്റുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എയിംസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കേരളത്തിന് വേണ്ടി താൻ നിരന്തരം ശബ്ദിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവർത്തിച്ചിരുന്നു.