മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ, സ്റ്റാർ സിങ്ങർ ഒൻപതാം സീസൺ ഏഷ്യാനെറ്റിൽ ഉടൻ ആരംഭിക്കുന്നു. ഇതിനായുള്ള ഒഡിഷനുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. 16 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവർക്ക് ഒഡിഷനുകളിൽ പങ്കെടുക്കാം.
ഇന്ന് രാവിലെ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ വച്ച് ആദ്യ ഓഡിഷൻ ആരംഭിച്ചു. തുടർന്ന് ജൂൺ 3ന് കോഴിക്കോട് ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്‌കൂളിലും, ജൂൺ 4ന് കണ്ണൂർ ശ്രീ നാരായണ കോളേജിലും, ജൂൺ 5ന് പാലക്കാട് വിക്ടോറിയ കോളേജിലും, ജൂൺ 7ന് എറണാകുളം മെർമെയ്‌ഡ് ഹോട്ടലിലും വച്ച് തുടർന്നുള്ള ഒഡിഷനുകൾ നടക്കുന്നതായിരിക്കും.
ആദ്യ ദിനം തന്നെ ഗംഭീര സ്വീകരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. 16 വയസ്സിന് മുകളിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് അവരുടെ ആലാപനത്തിലും വിനോദത്തിലുമുള്ള വൈദഗ്ദ്ധ്യം അടിസ്ഥാനമാക്കി വിജയിയെ നിർണ്ണയിക്കുകയാണ് സ്റ്റാർ സിങ്ങറിന്റെ രീതി. സീസൺ 1 മുതൽ 7 വരെ, വിജയിയെ തിരഞ്ഞെടുത്തിരുന്നത് അവരുടെ പ്രകടനവും ഒപ്പം തന്നെ പ്രേക്ഷകരുടെ SMS വോട്ടിങ്ങും അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ സീസൺ 8 മുതൽ വോട്ടിങ് നടക്കുന്നത് സ്റ്റാർ നെറ്റ്‌വർക്കിന്റെ ഔദ്യോഗിക OTT പ്ലാറ്റ്‌ഫോമായ Disney+ Hotstar-ൽ ആണ്. മലയാള സംഗീത രംഗത്തെ പ്രമുഖരായ വിധികർത്താക്കളുടെ ഒരു പാനലാണ് മത്സരത്തിന്റെ ഓരോ ഘട്ടത്തിലും മത്സരാർത്ഥികൾക്ക് പ്രകടനത്തിന്റെ സ്കോറുകളും വിലയിരുത്തലുകളും നൽകുന്നത്. ഇക്കുറിയും പ്രഗത്ഭരായ സംഗീതജ്ഞരായിരിക്കും വിധികർത്തകളായി എത്തുന്നത്.
MG രാധാകൃഷ്ണൻ, KS ചിത്ര, ശരത്ത്, MG ശ്രീകുമാർ, G വേണുഗോപാൽ, ഔസേപ്പച്ചൻ, M ജയചന്ദ്രൻ, ഉഷ ഉതുപ് തുടങ്ങി ഒട്ടനവധി പ്രമുഖർ വിധികർത്താക്കളായെത്തിയ ഈ ഷോ മലയാളത്തിന് നിരവധി യുവ ഗായകരെ സമ്മാനിച്ചു. തുടർന്ന് 2009ൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഏഷ്യാനെറ്റിൽ സ്റ്റാർ സിങ്ങർ ജൂനിയർ ആരംഭിച്ചു. ഇതുവരെ 3 വിജയകരമായ സീസണുകൾ കഴിഞ്ഞു.