പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘നെയ്മർ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ശുനക യുവരാജനിവൻ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുസൃതിത്തരങ്ങൾ കാട്ടി ചിരിപ്പിക്കുന്ന നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. അന്‍വര്‍ സാദത്ത് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ബ്രസീൽ ഫുട്ബോൾ ടീമിന്റെ കട്ട ആരാധകനായ ഒരാളുടെ വളർത്തുനായയാണ് സിനിമയിലെ ‘നെയ്മർ’. കുസൃതിത്തരം മാത്രം കയ്യിലുള്ള കുട്ടിക്കുറുമ്പൻ. അയൽ വീട്ടിലെ തേങ്ങ ഉടമയുടെ വീട്ടിലെത്തിക്കുന്നതും അവിടുത്തെ കോഴി ഇട്ടോടിക്കുന്നതുമെല്ലാം നെയ്മറിൻ്റെ കുസൃതിത്തരങ്ങളിലെ നിസാര സംഭവങ്ങൾ മാത്രം.
എൺപത് ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നായക്കുട്ടിയെ ഒത്തിരി തിരിഞ്ഞുനടന്നാണ് അണിയറ പ്രവർത്തകർ കണ്ടെത്തിയത്. രണ്ടര മാസം പ്രായമുള്ള നാടൻ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരീച്ചിരിക്കുന്നത്. മാത്യു, നസ്ലിൻ, വിജയ രാഘവൻ, ഷമ്മി തിലകൻ,ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. ഇവരെ കൂടാതെ ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.
വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസനാണ് കഥയും സംവിധാനവും പൂർത്തീകരിച്ചിരിക്കുന്നത്.
മലയാളം – തമിഴ് പശ്ചാത്തലത്തിൽ കഥയൊരുക്കിയ സിനിമയുടെ തിരക്കഥ പൂർത്തീകരിച്ചത് ആദർശും പോൾസനും ചേർന്നാണ്. ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം. നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്ദുള്ളയാണ്. ഫീനിക്സ് പ്രഭു ആക്ഷൻ കോറിയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ സ്റ്റിൽസ് ജസ്റ്റിൻ ജെയിംസാണ്. നെയ്മറിന്റെ കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഉദയ് രാമചന്ദ്രനാണ് എക്സിക്യുട്ടിവ് പ്രൊഡ്യൂസർ.
‘ശുനക യുവരാജനിവന്‍’ വീഡിയോ സോങ് :