സിനിമയിൽ അരങ്ങേറ്റം കുറിക്കും മുൻപ് തന്നെ മോഡലിംഗിൽ തുടക്കം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ. ചൊവ്വായഴ്ച വൈകുന്നേരമാണ് ഒരു സൗന്ദര്യവർദ്ധക ബ്രാൻഡിന്റെ ‘സ്‌ക്വാഡ് ‘ അംഗങ്ങളിൽ ഒരാളായി സുഹാന പ്രഖ്യാപ്പിക്കപ്പെട്ടത്. സോയ അക്തറിന്റെ ‘ദി ആർച്ചീസ് ‘ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സുഹാനയുടെ കരിയറിലെ ഈ പുതിയ ചുവടുവെപ്പ്.
സുഹാന ഖാന്റെ ആദ്യ ഔദ്യോഗിക മീഡിയ അപ്പിയറൻസ് ആണിത്. ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിൽ ആവേശം പ്രകടിപ്പിക്കുന്ന സുഹാനയുടെ ഒരു വീഡിയോയും വൈറലാവുകയാണ്. ബ്രാൻഡ് അംബാസഡറായി തനിക്ക് അഭിമാനമുണ്ടെന്ന് സുഹാന പറഞ്ഞു. സുഹാനയെ കൂടാതെ പ്രശസ്ത ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധു, എം ടി വി സൂപ്പർ മോഡൽ ഓഫ് ദി ഇയർ എക്ഷാ ജെറുങ്, ഗായിക അനന്യ ബിർള എന്നിവരെയും പുതുമുഖങ്ങളായി പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നിന്നും അഭിനയപരിശീലനം നേടിയ സുഹാന ‘ദ ആർച്ചീസ് ‘ എന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പമാണ് അഭിനയിക്കുന്നത്. ഖുഷി കപൂർ, അഗസ്ത്യ നന്ദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടാകും. ചിത്രത്തിന് ശേഷം സുഹാനയും, അഗസ്ത്യയും ഡേറ്റിംഗിലാണെന്ന അഭ്യുഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇരുവരും അതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.