സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ‘പഠാൻ’ തീയേറ്ററുകളിൽ. സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ഷാരുഖ് ഖാൻ ചിത്രം രാജ്യത്താകെ അയ്യായിരം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുക. കേരളത്തിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പി വി ആർ സിനിമാസിൽ മാത്രം പത്തു ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഏകദേശം 50 കോടി രൂപയാണ് ആദ്യദിനം ബോക്സ് ഓഫീസിൽ നിന്നു പ്രീതീക്ഷിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം.
കേരളത്തിൽ ഹിന്ദി പതിപ്പാണ് പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ 130 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴിലും തെലുങ്കിലും ഇറങ്ങുന്ന പഠാന് ദക്ഷിണേന്ത്യയിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രൈയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഷാരുഖ് ഖാന്റെയും ജോൺ എബ്രഹാമിന്റെയും സ്ക്രീൻ പ്രസൻസും അതിഗംഭീര ആക്ഷൻ രംഗങ്ങളുമായാണ് പഠാൻ എത്തുന്നത്.
ജോൺ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിൽ ഷാരുഖിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ വർഷം ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പഠാൻ. നിർമാതാക്കളായ യാഷ് രാജിന്റെ സ്പൈ യൂണിവേഴ്സൽ ഒരുങ്ങുന്ന ആദ്യ സിനിമകൂടിയാണ് പഠാൻ. പഠാനിലെ ബെഷറം രംഗ് എന്ന ഗാനം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഗാനത്തിലെ ഒരു രംഗത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ചിത്രത്തിനെതിരെ ബോയ്കോട്ട് ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പഠാൻ.