മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ തീയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുന്നു. സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ്. ഐ എഫ് എഫ് കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പ്രശംസിക്കുകയാണ് സത്യൻ അന്തിക്കാട്.
സത്യൻ അന്തിക്കാടിന്റെ വാക്കുകളിൽ ‘നൻപകൽ നേരത്ത് മയക്കം’ കണ്ടു, ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ ലിജോ പറഞ്ഞത്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ് പാട്ടുകളും ആ ഗ്രാമഭംഗി മുഴുവനും ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു. ജെയിംസിന്റെ നാടക വണ്ടി ഗ്രാമം വിട്ടു പോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തു നായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ, ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം – സത്യൻ അന്തിക്കാട് പറഞ്ഞു.
മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രമാണ്. പ്രേക്ഷകർക്കും തീയേറ്ററിൽ
ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്. അശോകൻ, രമ്യ പാണ്ഡ്യാൻ, സുരേഷ് ബാബു, കൈനകരി തങ്കരാജ്, ചേതൻ ജയലാൽ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.