നടൻ കാർത്തിയുടെ ഗ്രാഫാണിപ്പോൾ തമിഴ് – തെലുങ്ക് സിനിമാ രംഗത്ത് അനുദിനം ഉയർന്നു കൊണ്ടിരിക്കുന്നത്. ‘ വിരുമൻ ‘, ‘ പൊന്നിയിൻ സെൽവൻ ,’ എന്നീ സിനിമകളുടെ വിജയം താരത്തിൻ്റെ കരിയറിന് കൂടുതൽ കരുത്തേകിയിരിക്കുന്നു. ഈ സിനിമകളെ തുടർന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന കാർത്തി ചിത്രം ‘ സർദാർ ‘ ദീപാവലിയോടനുബന്ധിച്ച് പ്രദർശനത്തിനെത്തുന്നു. ‘ ഇരുമ്പ്ത്തിരൈ ‘, ‘ ഹീറോ ‘ എന്നീ വൻ ഹിറ്റുകൾ സമ്മാനിച്ച പി. എസ്. മിത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം വൻ മുതൽ മുടക്കിൽ, ദീർഘ കാലത്തെ കഠിനാധ്വാനത്തിലൂടെ ഒരു ബ്രമാണ്ഡ സിനിമയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനും സൂപ്പർ ഹിറ്റ് നായകനും കൈ കോർക്കുന്നു എന്നതാണ് ഈ സിനിമയുടെ ആദ്യ സവിശേഷത.
സർദാർ എന്നാൽ പേർസ്യൻ ഭാഷയിൽ പടതലവൻ എന്നാണു പൊരുൾ. ഒരു സ്പൈ (ചാരൻ) ത്രില്ലർ സിനിമയാണ് സർദാർ. ചാര പ്രവർത്തി എന്നത് നാടു വിട്ട് നാടു നടക്കുന്ന, ദേശ രഹസ്യങ്ങൾ ചോർത്താൻ നടത്തുന്ന പ്രവർത്തിയാണെന്നാണ് നമ്മൾ മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാൽ നമുക്കു ചുറ്റും ധാരാളം ചരൻമാരുണ്ട്.രാജ്യത്തിൻ്റെ സുരക്ഷാ ( മിലിട്ടറി) രഹസ്യങ്ങൾ ചോർത്തുന്ന ജോലി മാത്രമല്ല ചാര പ്രവർത്തി എന്ന് വെളിപ്പെടുത്തുന്ന പ്രമേയത്തിൻ്റെ ചലച്ചിത്ര ആവിഷ്കാരമാണ് ‘ സർദാർ ‘ .
നമ്മുടെ അടുത്തുള്ള ചായ പീടികയിലുള്ള ഒരു പയ്യനിൽ നിന്നു പോലും അത് തുടങ്ങാം. വളരെ സിമ്പിളായ ഒരു സ്ഥലത്ത് നിന്ന് തുടങ്ങി ഉന്നതങ്ങൾ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര തലം വരെ ഇത് നീളുന്നു. അന്താരാഷ്ട്ര രാഷ്ട്രീയവും ഇതിലുണ്ട്. ഇത് സാധാരണക്കാരനെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് സർദാറിലൂടെ പറയുന്നത്. ഭാരതിയാർ കവിതയിലെ പോലെ, “നീ എന്നത് ആരാണ്? ശരീരമോ, ജീവനോ, പ്രവൃത്തിയോ…” നമ്മുടെ ഐഡൻ്റിറ്റി നമ്മൾ ചെയ്യുന്ന പ്രവർത്തിയാണ്. ചാരന്മാരും അങ്ങനെ തന്നെ. അലക്സാണ്ടർ, ഹിറ്റ്ലർ ഉൾപ്പെടെയുള്ള പ്രമുഖരായ ഭരണാധിപന്മാരുടെ വിജയത്തിനു പ്രാധാന കാരണം ചരൻമാരാണെന്ന് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാനാവും. അങ്ങനെയുള്ള ചാരന്മാരെ തേടി ഒരു പടത്തലവനെ പോലെ ദേശങ്ങൾ താണ്ടിയുള്ള കാർത്തിയുടെ യാത്രയാണ് ‘ സർദാർ ‘. പല വ്യതസ്ത വേഷ പകർച്ചയുള്ള വളരെ ജോവിയലായ പോലീസ് കഥാപാത്രമാണ് കാർത്തിയുടേത്. ഇതിലെ അച്ഛൻ വേഷത്തിൻ്റെ രൂപ ഭാവങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. യുവാവ് വൃദ്ധൻ ഈ രണ്ടു കഥാപാത്രങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. അച്ചൻ വേഷം ചെയ്യാനായി മൂന്ന് മണിക്കൂർ നേരത്തെ മേക്കപ്പിന് ശേഷം, ആ മേക്കപ്പോട് കൂടി ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ കാർത്തിക്ക് ഏറെ അധ്വാനം വേണ്ടി വന്നത്രെ. ഒപ്പം സ്റ്റണ്ടും ചെയ്യണം. അതും ഏറെ ബുദ്ധിമുട്ടായിരുന്നൂ. ഈ വിധം തൻ്റെ കഠിനാധ്വാനത്തിലൂടെ കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കയാണ് കാർത്തി.
റാഷി ഖന്ന, രജീഷാ വിജയൻ എന്നിവർ മർമ്മ പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുൻ നായിക താരം ലൈലയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.
ഇതു വരെയുള്ള കാർത്തി സിനിമകളിൽ നിന്നും വേറിട്ട് വൻ മുതൽ മുടക്കിലാണ് പ്രിൻസ് പിക്ചേർസിൻ്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാർ ‘ സർദാർ ‘ നിർമ്മിച്ചിരിക്കുന്നത്. ഫോർച്യൺ സിനിമാസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജി. വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു. ജോർജ്ജ് സി വില്യംസാണ് ഛായഗ്രാഹകൻ. ദിലീപ് സബ്ബരായനാണ് അതി സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന സ്റ്റണ്ട് മാസ്റ്റർ. ഷോബി പോൾരാജാണ് നൃത്ത സംവിധാനം.
സി. കെ. അജയ്കുമാർ, പി ആർ ഒ