ഫീൽഡ് മാർഷൽ സാം മനേക്‌ഷാ എംസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സാം ബഹാദൂർ’ ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. വിക്കി കൗശൽ ടൈറ്റിൽ റോളിലും ഫാത്തിമ സന ഷെയ്ഖ്, സന്യ മൽഹോത്ര, നീരജ് കബി, എഡ്വേർഡ് സോണൻബ്ലിക്ക്, മുഹമ്മദ് സീഷൻ അയ്യൂബ് തുടങ്ങിയവർ മറ്റ് അഭിനേതാക്കളായും എത്തുന്ന ഈ ചിത്രം RSVP മൂവീസിന്റെ ബാനറിൽ റോണി സ്ക്രൂവാലയാണ് നിർമ്മിക്കുന്നത്. ഭവാനി അയ്യർ, ശന്തനു ശ്രീവാസ്തവ എന്നിവർക്കൊപ്പം സംവിധായികയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഗുൽസാർ വരികൾ ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ശങ്കർ എഹ്‌സാൻ ലോയ് സംഗീതം പകരുന്നു.
ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് സാം ഹോർമുസ്ജി സാം ബഹാദൂർ ജംഷെഡ്ജി മനേക്‌ഷാ. 1914 ഏപ്രിൽ 3ന് ജനിച്ച അദ്ദേഹം 2008 ജൂൺ 27നാണ് അന്തരിച്ചത്. നൈനിത്താളിലെ ഷർവുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം. പാഴ്സി മാതാപിതാക്കളായ ഹോർമുസ്ജിയുടെയും ഹില്ല മനേക്ഷയുടെയും മകനായി ജനിച്ച സാം ഹോർമുസ്ജി ഫ്രാംജി ജംഷഡ്ജി മനേക്‌ഷാ പഞ്ചാബിലെ അമൃത്സറിലാണ് വളർന്നത്. ഒരു നല്ല വിദ്യാർത്ഥിയായ അവന് ഗൈനക്കോളജിസ്റ്റായ പിതാവിനെപ്പോലെ ലണ്ടനിൽ പോയി വൈദ്യശാസ്ത്രം പഠിക്കാനായിരുന്നു ആഗ്രഹം. പക്ഷെ ഹോർമുസ്ജിക്ക് വിദേശ വിദ്യാഭ്യാസം താങ്ങാൻ കഴിയാത്തതിനാൽ ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. തുടർന്ന് 1932 ഒക്‌ടോബർ 1ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 40 കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ ഭാഗമായി.
ലോകമഹായുദ്ധത്തിൽ ബർമയിൽ നടന്ന പോരാട്ടം മുതൽ വിവിധ ഘട്ടങ്ങളിലൂടെ സാം മനേക്‌ഷായുടെ ജീവിതം ഇന്ത്യ കണ്ടു. 1947ലെ വിഭജനത്തിനും കാശ്മീർ പ്രവേശനത്തിനും, 1962ലെ ചൈനയ്‌ക്കെതിരായ യുദ്ധത്തിലെ പരാജയത്തിനും ഒടുവിൽ 1971ലെ യുദ്ധത്തിലെ വിജയവും, ബംഗ്ലാദേശിന്റെ രൂപീകരണവും ഉൾപ്പെടുത്തി ഒരുക്കുന്ന ഈ സിനിമ അദ്ദേഹത്തിന്റെ ജീവിതത്തിലെ അനേകം നാഴികക്കല്ലുകൾ വെളിപ്പെടുത്തുന്നതോടൊപ്പം നമ്മുടെ മഹത്തായ രാജ്യത്തിന്റെ ചരിത്രവും വളർച്ചയും കാണിക്കുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും പാകിസ്ഥാനെ പരാജയപ്പെടുത്താൻ അവർ എങ്ങനെ ഒരുമിച്ച് പ്രവർത്തിച്ചു എന്നും ദൃഷ്യാവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫാത്തിമ സന ഷെയ്ഖും സാമിന്റെ ഭാര്യ സിലൂ എന്ന കഥാപാത്രത്തെ സന്യ മൽഹോത്രയും അവതരിപ്പിക്കുന്നു. ജവഹർലാൽ നെഹ്‌റുവായി നീരജ് കബിയും യഹ്യാ ഖാൻ ആയി മുഹമ്മദ് സീഷൻ അയ്യൂബും എത്തുന്നു.
ഫീൽഡ് മാർഷൽ സാം മനേക്‌ഷാ കുറിച്ചുള്ള ഈ സിനിമ ഗംഭീരനായ ഉദ്യോഗസ്ഥനും മാന്യനുമായ അദ്ദേഹത്തിന് ഒരു എളിയ ആദരവാണ്. ഇന്ത്യൻ സായുധ സേന ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനം ഉണർത്തുന്നു. അവരുടെ വീര കഥകളും ബഹുമാനവും സമഗ്രതയും അദ്വിതീയമായ രാജ്യസ്നേഹത്തെ പ്രചോദിപ്പിക്കുന്നു.