ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ത്രിഡിയിൽ റിലീസിനെത്തുന്ന സിനിമയുടെ ഓരോ അപ്ഡേറ്റ്സും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തമുണ്ടായെന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ കാസർഗോഡ് ചീമേനിയിൽ ഇട്ട സെറ്റിലാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കൃത്യസമയത്ത് തീകെടുത്താൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്.
സെറ്റിലെ തീപിടുത്തം സിനിമയുടെ തുടർന്നുള്ള ചിത്രികരണത്തെ ബാധിച്ചിട്ടുണ്ട്. ഷൂട്ടിംഗ് അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനിയുണ്ടായിരുന്നത്. ചിത്രത്തിലെ തന്റെ ഷെഡ്യൂൾ പൂർത്തിയായ വിവരം ടോവിനോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായിക വേഷങ്ങൾ കൈകാര്യം ചെയുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.
സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി ടോവിനോ കളരി അഭ്യസിച്ചിരുന്നു. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് യുജിഎം പ്രൊഡക്ഷൻസാണ്. മാജിക് ഫ്രെയിംസും നിർമാണത്തിൽ പങ്കാളികളാണ്. കേരളത്തിന്റെ ആയോധന കലയായ കളരിക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.