അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുഷ്പ 2 ടീം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍നിന്ന് ഇതുവരെ അക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി അറിയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15-ന് പുറത്തിറങ്ങാന്‍ തീരുമാനിച്ചിരുന്ന പുഷ്പ 2 ഇനി എത്തുക ഈ വര്‍ഷം ഡിസംബര്‍ 6-നാകും. അല്ലു അര്‍ജുന്‍ ആരാധകരും സിനിമാപ്രേമികളും ഒരേ പോലെയാണ് പുഷ്പ 2-വിന്റെ റിലീസിനായി കാത്തിരിക്കുന്നത്.
2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ – ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്