പൃഥ്വിരാജ് സംവിധായകനാകുന്ന മുരളിഗോപി തിരക്കഥ ഒരുക്കിയ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം റഷ്യയിൽ പൂർത്തിയാകുമ്പോൾ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടുന്നത്.
“ലാലേട്ടൻ ലൂസിഫറിനോടും സ്റ്റീഫൻ നെടുംപളളി എന്ന കഥാപാത്രത്തോടും വിട പറയുകയാണ്. ലൂസിഫർ ഒരിക്കലും ഒരു ബുദ്ധിപരമായ തീരുമാനം ആകില്ലെന്നും ഒരു അഭിനേതാവെന്ന നിലയിൽ കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി കൊണ്ടുളള മണ്ടൻ തീരുമാനമാകും അതെന്നും പറഞ്ഞവരുണ്ട്.
എന്റെ തീരുമാനം പൂർണമായും ശരിയാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല. എന്നാൽ സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെ കുറിച്ച് പതിനാറു വർഷത്തെ അഭിനയ ജീവിതത്തിൽ നിന്നും പഠിച്ചതിൽ കൂടുതൽ ഈ ആറുമാസം കൊണ്ട് ഞാൻ പഠിച്ചു. നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന് നിങ്ങളെ ഡയറക്റ്റ് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും, ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്പെഷ്യല്‍ ആയിരിക്കും”. പൃഥ്വിരാജ് തന്റെ പേജിൽ കുറിച്ചു .
ബോളിവുഡ് നടൻ വിവേക് ഒബ്റോയി വില്ലനാകുന്ന ലൂസിഫറിൽ മഞ്ജു വാര്യറാണ് നായിക. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തിൽ വേഷമിടുന്നു. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.