ചരിത്രം തിരുത്തി കുറിച്ച് പൊന്നിയിൻ സെൽവൻ മുന്നേറ്റം തുടരുന്നു ! കേരളത്തിൽ നിന്നു വാരിയത്  ഇരുപതിൽ പരം കോടി!!!

ണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ രണ്ടു ഭാഗങ്ങളുള്ള  പൊന്നിയിൻ സെൽവൻ്റെ ആദ്യ ഭാഗമായ പിഎസ്1 കഴിഞ്ഞ സെപ്റ്റംബർ 30 നാണ് ലോക വ്യാപകമായി റീലീസ്  ചെയ്തത്. ഇന്ത്യൻ സിനിമയുടെ തന്നെ ഇതു വരെയുള്ള റെക്കോർഡ് തകർത്തു കൊണ്ട് പന്ത്രണ്ട് ദിവസം പിന്നിടുമ്പോഴും, പ്രേക്ഷകരിൽ ആവേശം  കുറയാതെ ആഗോള തലത്തിൽ ബോക്സ് ഓഫീസിൽ കളക്ഷൻ തൂത്തു വാരുകയാണ്. ചിത്രത്തെ കുറിച്ചുള്ള ചൂടു പിടിച്ച ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്. റീലീസ് ചെയ്ത പതിനൊന്നാം ദിവസം കളക്ഷൻ 400 കോടി കവിഞ്ഞതായി നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ്  ടാക്കീസും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സിനിമയുടെ ചരിത്രത്തിൽ സർവകാല റെക്കോർഡാണ്.  തമിഴ്നാട്ടിൽ തിയറ്ററുകളിൽ ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദർശനം തുടരുന്നു. ദീപാലിയോടെ 500 കോടി കടക്കും എന്നാണ് റിപോർട്ടുകൾ . കേരളത്തിൽ  കഥയും, സിനിമയിൽ ഉപയോഗിച്ച തമിഴ് ഭാഷയും മനസ്സിലാവുന്നില്ല എന്ന പരാതി ആദ്യം ഉയർന്നെങ്കിലും പിന്നീട് കൂടുതൽ മലയാളം പതിപ്പുകൾ പുറത്തിറക്കിയതോടെ ആ പരാതിയും പരിഹരിക്കപ്പെട്ടു. കേരളത്തിലും പിഎസ്1 ആവേശകരമായ വിജയം നേടി. പതിനൊന്ന് ദിവസം പിന്നിടുമ്പോൾ കേരളത്തിൽ മാത്രം 21 കോടി കളക്ഷൻ നേടിയതായിട്ടാണ് റിപ്പോർട്ട്  ശ്രീ ഗോകുലം മൂവീസാണ്  ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്.

 കോവിഡാനന്തരം സിനിമയുടേയും തിയറ്ററുകളുടെയും ഭാവി ആശങ്കയിലാണ് എന്ന് കരുതിയ വേളയിലാണ് കെജീഎഫ്, RRR, വിക്രം തുടങ്ങിയ സിനിമകൾ ജനങ്ങളെ തിയറ്ററിലേക്ക്  ആകർഷിച്ച് പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാൽ ആ റെക്കോർഡുകളെ മറികടന്ന് കുട്ടികൾ മുതൽ തൊണ്ണൂറു പിന്നിട്ട വൃദ്ധരെ വരെ തിയറ്ററുകളിലേക്ക് ആകർഷിച്ച് ചരിത്രം തിരുത്തി കുറിച്ചിരിക്കായാണ് പൊന്നിയിൻ സെൽവൻ1. ഇനി രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ ഭാഗത്തിൽ നാല്പത്തി എട്ടിൽ പരം വരുന്ന പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഇനി രണ്ടാം ഭാഗത്തിലാണ് യഥാർത്ഥ കഥ പറയാനിരിക്കുന്നതത്രേ. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ,  റഹ്മാൻ, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി, ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവർ അവതരിപ്പിക്കുന്ന  കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയത്രെ രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം. എന്തായാലും സംവിധായകൻ മണിരത്നത്തിനും ലൈക്കയുടെ സാരഥി സുഭാസ്കരനും പൊന്നിയിൻ സെൽവനിലൂടെ ഇന്ത്യൻ സിനിമയക്ക് തന്നെ നവ ജീവനേകാനായി എന്നതിൽ അഭിമാനിക്കാം.

സി.കെ.അജയ് കുമാർ

admin:
Related Post