നക്ഷത്ര രാവ് തീർക്കാൻ ചോള പട നാളെ കൊച്ചിയിൽ, പൊന്നിയിൻ സെൽവൻ 2 കേരളത്തിൽ 350 – ൽ പരം തിയേറ്ററുകളിൽ റിലീസ് !

പിഎസ്2 വിൻ്റെ റിലീസിങ്ങിൻ്റെ മുന്നോടിയായി, പ്രചരണാർത്ഥം   പൊന്നിയിൻ സെൽവനിലെ താരങ്ങൾ ഏപ്രിൽ 20 ന് നാളെ, വ്യാഴാഴ്ച കൊച്ചിയിൽ എത്തും. ഉച്ചക്ക് നടക്കുന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകീട്ട് 6 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന വിവിധ പൊതു പരിപാടികളിൽ ചോളപ്പട ( താരങ്ങൾ) ആരാധകരെ അഭിസംബോധന ചെയ്യും. ഈ പരിപാടിയിലൂടെ ഉത്സവ പ്രതീതിയേകുന്ന ഒരു നക്ഷത്ര രാവ് കൊച്ചിക്ക് സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകരും വിതരണക്കാരും.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗമായ പി എസ്-2 ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. 350 -ൽ പരം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി.

 പ്രേക്ഷകരുടെ സൗകര്യാർത്ഥം മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക.ഇതിൽ മുന്നൂറിൽ പരം തിയേറ്ററുകളിൽ മലയാളം പിഎസ്2 വാണ് പ്രദർശിപ്പിക്കുക. മലയാളികളുടെ പ്രിയ താരങ്ങളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ,ജയറാം, ബാബു ആൻ്റണി എന്നിവരുടെ കേരളാ ഫാൻസും ചിത്രം മഹാ വിജയമാക്കി തീർക്കാനുള്ള പ്രയത്നത്തിലും പ്രവർത്തനങ്ങളിലും വ്യാപൃതരായിരിക്കുന്ന പാശ്ചാത്തലത്തിൽ തിയറ്ററുകാരും പിഎസ് 2 തങ്ങളുടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ വലിയ ആവേശമാണ്  പ്രകടിപ്പിക്കുന്നതെന്ന്  ശ്രീ ഗോകുലം മൂവിസ് വക്താക്കൾ അറിയിച്ചു.ഒപ്പം തന്നെ തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും 28- ന് പുലർച്ചെ 4 മണിക്ക് ആദ്യ പ്രദർശനം നടത്താനുള്ള അനുവാദം തേടിയിരിക്കയാണ ത്രെ വിതരണക്കാർ . 

സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത്. ഇത് മണിരത്നത്തിൻ്റെ വളരെ കാലമായിട്ടുള്ള സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരമാണ്. ഏ.ആർ.റഹ്മാൻ്റെ മാന്ത്രിക സംഗീതവും, തോട്ടാധരണിയുടെ അത്ഭുത പ്പെടുത്തുന്ന കൂറ്റൻ സെറ്റുകളുടെ പാശ്ചാത്തലവും, രവിവർമ്മൻ്റെ ക്യാമറ ഒപ്പിയെടുത്ത നയന മനോഹരമായ ദൃശ്യങ്ങളും, കാണികൾക്ക് പുതിയ അനുഭവവും അത്ഭുതവുമായിരിക്കും. ഒന്നാം ഭാഗത്തിൽ കഥാപാത്രങ്ങളെ മാത്രം പരിചയപ്പെടുത്തി ‘ പൊന്നിയിൻ സെൽവനായ അരുൺമൊഴി വർമ്മന് എന്തു സംഭവിച്ചു ? ‘ എന്ന ജിജ്ഞാസ നില നിർത്തി കാണികളെ ആകാംഷയുടെ മുനമ്പിൽ നിർത്തിയിരിക്കുന്ന മണിരത്നം രണ്ടാം ഭാഗത്തിൽ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കഥ പൂർണതയിലെത്തിക്കുന്നു. വൈകാരികവും അതിലുപരി സംഘർഷാത്മകവുമായ മുഹൂർത്തങ്ങളിലൂടെയാണ് പിഎസ് 2 ൻ്റെ പ്രയാണം. സാങ്കേതിക മികവാർന്ന ദൃശ്യവൽക്കണം കൊണ്ടും ചടുലവും ചാരുതയാർന്നതുമായ അവതരണ ശൈലി കൊണ്ടും ലോക സിനിമക്ക് മുമ്പാകെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ നാഴിക്കല്ലും വഴിത്തിരിവുമായിരിക്കും ഈ മണിരത്നം സൃഷ്ടി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ,ജയറാം,ബാബു ആൻ്റണി,റിയാസ് ഖാൻ , ലാൽ,പ്രഭു, ശരത് കുമാർ, വിക്രം പ്രഭു , പാർത്ഥിപൻ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ 

‘പൊന്നിയിൻ സെല്‍വൻ -1’ രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്ടിച്ചത് . 

ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. സി.കെ.അജയ് കുമാറാണ് പിആർഒ. 

സി.കെ.അജയ് കുമാർ, പി ആർ ഒ

English Summary : ponniyin selvan team will be in Kochi tomorrow

admin:
Related Post