പൊന്നിയിൻ സെൽവൻ-2 ൻ്റെ ഓഡിയോ ട്രെയിലർ റിലീസിംഗ് വരുന്ന മാർച്ച് 29 ന് വൈകീട്ട് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ നടക്കുന്ന ബ്രഹ്മാണ്ഡ ചടങ്ങിൽ ഇന്ത്യൻ സിനിമയുടെ തന്നെ ഉന്നത താരങ്ങൾ സംബന്ധിക്കും എന്നാണു സൂചന. ട്രെയിലറിനോടൊപ്പം ഏ ആർ റഹ്മാൻ സംഗീതം പകർന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആൽബം പുറത്തിറക്കും.റഫീക്ക് അഹമ്മദാണ് അഞ്ചു ഭാഷകളിൽ എത്തുന്ന ‘ പിഎസ് 2 ‘ ലെ മലയാള ഗാനങ്ങൾ രചിച്ചിരക്കുന്നത്. ഇതിൻ്റെ മേക്കിംഗ് വീഡിയോ നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും പുറത്തു വിട്ടു. ഏ ആർ റഹ്മാൻ്റെ മേൽനോട്ടത്തിൽ ശ്വേതാ മേനോൻ, ചിൻമയി, ശക്തിശ്രീ ഗോപാൽ എന്നിവർ ഗാനാലാപനം നടത്തുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഏപ്രിൽ 28 നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗമായ ‘ പി എസ് 2 ‘ തമിഴ്, മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റീലീസ് ചെയ്യുക.ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണക്കാർ. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, പ്രകാശ് രാജ്, നാസർ, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയൊരു താര നിരയെ അണിനിരത്തിയാണ് സാങ്കേതിക മികവോടെ മണിരത്നം ഈ ചരിത്ര സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. രവി വർമ്മനാണ് ഛായഗ്രാഹകൻ. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.
സി.കെ.അജയ്കുമാർ, പി ആർ ഒ