ടി. കെ പത്മിനി എന്ന ചിത്രകാരിയുടെ കഥ പറയുന്ന അനുമോൾ നായികയാകുന്ന യുവ എഴുത്തുകരാന്‍ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന മലയാള സിനിമ “പത്മിനി”യുടെ ചിത്രീകരണം പൂർത്തിയായി.
ടി കെ പത്മിനി പ്രൊഡക്ഷന്റെ ബാനറിൽ ടി കെ ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനുമോളോടൊപ്പം ഇര്‍ഷാദ്, സഞ്ജു ശിവറാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തെക്കുറിച്ചു അനുമോൾ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചതിങ്ങനെ -പത്മിനിയുടെ കൂടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഈ സിനിമയെക്കുറിച്ച് തീര്‍ച്ചയായും സ്വപ്‌നങ്ങളുണ്ട്. പക്ഷേ യാതൊരു അവകാശവാദങ്ങളുമില്ല. ഇത് പത്മിനിയുടെ ജീവിതത്തെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചെറിയൊരു കൈചൂണ്ടിമാത്രമാണ്.
അനുമോളുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :–
“പത്മിനി” പൂര്‍ത്തിയായി. നന്ദി.
———————————–
രണ്ടര വര്‍ഷം മുമ്പാണ് ടി. കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിനുവേണ്ടി ടി. കെ ഗോപാലന്‍ തന്റെ ചെറിയമ്മയായിരുന്ന വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയെക്കുറിച്ച് ഒരു ഡ്യോക്യുമെന്ററി ഫിലിം തയ്യാറാക്കാമോ എന്നെന്നോട് ചോദിക്കുന്നത്.
ആ ചോദ്യം എന്നെ ആഹ്ലാദിപ്പിച്ചതിലുമേറെ അമ്പരപ്പിക്കുകയാണുണ്ടായത്. ടി. കെ പത്മിനി എന്ന ചിത്രകാരിയും അവരുടെ പെയിന്റിംഗുകളും വളരെ ചെറിയ പ്രായം മുതലേ എന്റെ മനസ്സില്‍ കയറിക്കൂടിയിട്ടുള്ളതാണ്. എന്നെങ്കിലുമൊരിക്കല്‍ ടി. കെ പത്മിനി ജീവിച്ചിരുന്ന വീടും ഗ്രാമവും പോയിക്കാണണമെന്നും ചെറുപ്പത്തിലേ വിചാരിച്ചിരുന്നതാണ്. അന്നൊന്നും അതെവിടെയാണെന്ന് അറിയുമായിരുന്നില്ലെങ്കിലും. ചിത്രകലയോടും ഫോട്ടോഗ്രാഫിയോടുമുള്ള അഭിനിവേശമാവാം എന്നെ ഈ വിഖ്യാതചിത്രകാരിയുടെ രചനകളിലേക്കുമെത്തിച്ചത്. കൊല്‍ക്കത്തയില്‍ വന്നശേഷമാണ് ഗോപാലേട്ടന്‍ ടി. കെ പത്മിനിയുടെ ബന്ധുവാണെന്നും അറിയുന്നത്. ഗോപാലേട്ടന്‍ ആവശ്യപ്പെട്ട കാര്യത്തെപ്പറ്റിയായി പിന്നത്തെ ചിന്ത. അധികം വൈകാതെ അത് പത്മിനിയെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ ഫിലിം എന്ന ആശയത്തിലേക്ക് വന്നു. മെച്ചപ്പെട്ട രീതിയില്‍ ഒരു ഡോക്യുമെന്ററിയെടുക്കാന്‍ മാത്രം പണം കൈവശമുള്ള ട്രസ്റ്റിനോട് ഫീച്ചര്‍ ഫിലിമിന്റെ ആശയം അവതരിപ്പിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഒരേയൊരു കാര്യമായിരുന്നു. ടി. കെ പത്മിനിയെക്കുറിച്ച് ഒരു സിനിമ വരണം. അതിനൊരു സന്ദര്‍ഭം കിട്ടിയത് പരമാവധി വിനിയോഗിക്കണം. ആ ആശയത്തിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരായ സുഹൃത്തുക്കളെ കണ്ടെത്തലായിരുന്നു പിന്നത്തെ ദൗത്യം.
2015 നവംബറില്‍ ആരംഭിച്ച ശ്രമം 24 മാസത്തിനുശേഷം കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയായി. എഴുത്തുകാരനായി ജീവിക്കാന്‍ മാത്രമാഗ്രഹിച്ച ഞാന്‍ ചലച്ചിത്രസംവിധായകനുമായി. നന്ദി പറയാനുള്ളത് പലരോടാണ്. അത് പറയുന്നതിനുമുമ്പേ, ഈ ചിത്രം, ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും ഇടറിപ്പോകാതെ പിടിച്ചുനിര്‍ത്തുകയും പൂര്‍ത്തീകരിക്കാന്‍ ക്ഷമയോടെ ആദ്യവസാനം കൂടെനില്‍ക്കുകയും ചെയ്ത ടി. കെ ഗോപാലന്‍ എന്ന ഞങ്ങളുടെയെല്ലാം ഗോപാലേട്ടനോടാണ്. തന്റെ ചെറിയമ്മയെക്കുറിച്ചുള്ള ഒരു സ്മാരകം എന്നതിലുപരി ഞങ്ങള്‍ കുറച്ചുപേരില്‍ കാലാന്തരത്തില്‍ വ്യക്തമായ ടി. കെ പത്മിനി എന്ന ചിത്രകാരിയോടുള്ള മനസികാടുപ്പത്തിന്റേയും അതിലൂടെ ദൃഢപ്പെട്ടുവന്ന സ്വപ്‌നത്തിന്റെയും കൂടെയുള്ള ഒത്തുതീര്‍പ്പുകളില്ലാത്ത സഹജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ആ സഹജീവിതമാണ് പത്മിനി എന്ന സിനിമയെ പൂര്‍ണമാക്കിയത്. ഒരാഗ്രഹമുണ്ടായിരുന്നു, അദ്ദേഹത്തിനും ഞങ്ങള്‍ക്കും. അത് പത്മിനിയെ എല്ലാ എതിര്‍പ്പുകള്‍ക്കകത്തുനിന്നും പുറം ലോകത്തെത്തിച്ച പത്മിനിയുടെ അമ്മാമന്‍ ടി. കെ ദിവാകരമേനോനെ ഈ ചിത്രം പൂര്‍ത്തിയാക്കി കാണിക്കണമെന്ന ആഗ്രഹമായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ശയ്യാവലംബിയായിക്കഴിഞ്ഞിരുന്ന ദിവാകരമേനോന്‍ ഈ കഴിഞ്ഞ നവംബര്‍ 15 ന് യാത്രയായി. തന്റെ മരുമകള്‍ക്കായി ജീവിതം സമര്‍പ്പിച്ച ആ വലിയ മനുഷ്യനെ ഈ സിനിമ കാണിച്ചുകൊടുക്കാന്‍ സാധിക്കാത്തതിന്റെ കുറ്റബോധവും നഷ്ടബോധവും ഒരിക്കലുമെന്നെ വിട്ടുപോവുകയുമില്ല. അതെല്ലാം, പൂര്‍ത്തീകരണത്തിനെടുത്ത സമയമെല്ലാം, സൃഷ്ടിപരമായ പൂര്‍ണതയ്ക്കു വേണ്ടിയായിരുന്നു എന്നതാണ് അല്പമെങ്കിലും സമാധാനം തരുന്നത്. ഒരു കലാസൃഷ്ടിയും പൂര്‍ണമല്ലെങ്കിലും.
ചിത്രം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയില്‍ തിരിച്ചെത്തി ഗോപാലേട്ടനെ കാണിച്ചുകഴിഞ്ഞപ്പോഴാണ് 24 മാസത്തെ വിശ്രമമില്ലാത്ത പ്രയത്‌നത്തിന്റേയും പ്രയാണത്തിന്റെയും പരിമിതികളെയെല്ലാം സര്‍ഗ്ഗാത്മകമായി അതിജീവിക്കാനാവുമോ എന്ന ഉത്കണ്ഠയെയുമെല്ലാം അല്പമെങ്കിലും സമാധാനിപ്പിക്കാനായത്. ഇനിയും ഒട്ടേറെ കടമ്പകള്‍ മുന്നില്‍ കിടക്കുന്നു. പ്രേക്ഷകരിലേക്കെത്തിക്കുന്നതടക്കം. സമാന്തര സിനിമകളുടെ പതിവ് വിധിയായിരിക്കരുത് പത്മിനിക്കുണ്ടാകേണ്ടതെന്ന് വിചാരിക്കുന്നു.
ഞങ്ങളെ സംബന്ധിച്ച്, പത്മിനിയുടെ കൂടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഈ സിനിമയെക്കുറിച്ച് തീര്‍ച്ചയായും സ്വപ്‌നങ്ങളുണ്ട്. പക്ഷേ യാതൊരു അവകാശവാദങ്ങളുമില്ല. ഇത് പത്മിനിയുടെ ജീവിതത്തെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചെറിയൊരു കൈചൂണ്ടിമാത്രമാണ്. അവരുടെ ജീവിതത്തെയും ചിത്രകലയെയും ചിത്രകലയിലെ അവരുടേതായ വൈദഗ്ധ്യങ്ങളേയും പരിചയപ്പെടുത്താനുള്ള ശ്രമമല്ല ഈ സിനിമ. അതിനിയും സാധിക്കും. പത്മിനിയെ സംബന്ധിച്ചുള്ള അനേകം ചലച്ചിത്രശ്രമങ്ങള്‍ക്ക് ഇനിയും സാധ്യതകളുണ്ട്. അത്തരത്തിലുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരില്‍നിന്നും ഉണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും. ഈ ചിത്രം പത്മിനി ജീവിച്ച കാലത്തേയും സമൂഹത്തേയും കുടുംബപശ്ചാത്തലത്തേയും പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.
നന്ദി ഗോപാലേട്ടാ…
2006 ല്‍ (പകല്‍) ആദ്യതിരക്കഥയെഴുതി പത്ത് വര്‍ഷം പിന്നിട്ടു നില്‍ക്കുമ്പോള്‍ യാതൊരു സംവിധാനപരിചയവുമില്ലാത്ത എന്നെ ആദ്യത്തെ സംവിധാന സംരംഭമേല്‍പ്പിക്കാന്‍ കാണിച്ച വിശ്വാസത്തിന്. അതിനു ധൈര്യം പകരുകയും യാതൊരു ഇടപെടലുമില്ലാതെ ഞങ്ങളുടെ കൃത്യം നിര്‍വ്വഹിക്കുവാന്‍ കൂടെ നിന്നതിന്. ടി. കെ പത്മിനി എന്ന ചിത്രകാരിയുടെ ജീവിതം ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ അകാലത്തില്‍ അവസാനിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് അവരുടെ പേരില്‍ കേരളം ലോകത്തിനുമുന്നില്‍ അറിയപ്പെടുമായിരുന്നു എന്ന തിരിച്ചറിവിന്. അതേപോലുള്ള ഒരുകൂട്ടം കലാകാരന്മാരോട് ആ തിരിച്ചറിവിനാല്‍ വേണ്ട പ്രോത്സാഹനം തന്ന് കൂടെ നില്‍ക്കുന്നതിന്.
സ്‌നേഹം. നന്ദി. സുസ്മേഷ് ചന്ദ്രോത്ത്