മലയാള സിനിമയില്‍ വീണ്ടും ഒ.ടി.ടി. റിലീസ്

ദൃശ്യം 2’വിന് ശേഷം മറ്റൊരു മലയാള ചിത്രം കൂടി ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ആണ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത്. പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമായ നീ സ്ട്രീമിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജിയോ ബേബി രചനയും സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്ബതികളായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സിനിമയുടെ ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറില്‍ നിന്നുള്ള സൂചന. തിയേറ്ററുകള്‍ അടുത്ത ആഴ്ച തുറക്കുന്ന പശ്ചാത്തലത്തിലാണ് സിനിമ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നത്.
ഫ്രാന്‍സിസ് ലൂയിസ് ആണ് എഡിറ്റിംഗ്. സൂരജ് എസ്. കുറുപ്പ് സംഗീതമൊരുക്കുന്നു. സാലു കെ. തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കുഞ്ഞുദൈവം, രണ്ടു പെണ്ണുങ്ങള്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി.

English Summary : OTT Release in Malayalam cinema again ; The Great Indian Kitchen

admin:
Related Post