ഹൈദരാബാദ്: ജൂനിയര്‍ എന്‍.ടി.ആര്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര്‍ 30യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മേയ് 19ന് പുറത്തിറങ്ങും. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാഹ്നവി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. ജനതാ ഗാരേജിന് ശേഷം എന്‍ടിആറുമായി ചേര്‍ന്ന് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
എന്‍.ടി.ആര്‍ ആര്‍ട്സിന്‍റെ ബാനറില്‍ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നന്ദമുരി കല്യാണ്‍ റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. എന്‍ടിആറിനെയും ജാഹ്നവി കപൂറിനെയും കൂടാതെ ബോളിവുഡ് താരം സൈഫ് അലി ഖാനും തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജും ചിത്രത്തിലുണ്ട്.
ചിത്രം 2024 ഏപ്രില്‍ 5-ന് റിലീസ് ചെയ്യും. ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.
2016 ലാണ് ജൂനിയര്‍ എന്‍.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.
ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ ആണ് ജൂനിയര്‍ എന്‍.ടി.ആറിന്‍റെതായി റിലീസ് ചെയ്ത ചിത്രം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്