പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം അന്നൗൺസ് ചെയ്ത് നിവിൻ പോളി

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർത്ഥ കാഴ്ചകൾ ബിഗ് സ്ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ചെറുതും വലുതുമായി ആക്ഷൻ ഹീറോ ബിജു തീർപ്പാക്കിയത് എത്രയെത്ര കേസുകൾ. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു.

തീയറ്ററുകളിൽ യഥാർത്ഥ ജീവിതത്തിലെ ആക്ഷൻ ഹീറോയായി എത്തിയ ബിജു പൗലോസ് പ്രേക്ഷകരെ രസിപ്പിച്ചതും ചിന്തിപ്പിച്ചതും ആവേശം കൊള്ളിച്ചതും ചെറുതായിട്ടൊന്നുമല്ല. ചിത്രം റിലീസ് ചെയ്ത് എട്ടു വർഷം പൂർത്തിയാകുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ ഈ സന്തോഷ വാർത്ത അറിയിച്ചത്. ആക്ഷൻ ഹീറോ ബിജു ഇറങ്ങി എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ നിവിൻ ഏറെ ആവേശത്തോടെയാണ് രണ്ടാം ഭാഗം അന്നൗൺസ് ചെയ്തിരിക്കുന്നത്

എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമ്മിക്കുന്നത്. ഏതായാലും സിനിമാപ്രേമികൾ വളരെ ആവേശത്തോടെ യാണ് ഈ വാർത്തയെ വരവേറ്റത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്.

admin:
Related Post