മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളാണ് ദൃശ്യം, ദൃശ്യം 2. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തീയേറ്ററുകളിൽ വലിയ
സ്വീകാര്യത നേടിയപ്പോൾ കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ ദൃശ്യം ഹോളിവുഡിലിലേക്കു എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തിരിക്കുന്നത്.
ഹോളിവുഡിന് പുറമെ, സിൻഹള, ഫിലിപ്പീനോ, ഇൻഡോനേഷ്യ തുടങ്ങിയ ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ചൈനീസ് ഭാഷയിൽ റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമ കൂടിയാണ് ദൃശ്യം.ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ളവരെയും ആകർഷിക്കുന്നതാണ്. 2013 ൽ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോർക്കിൽ തുടർച്ചയായി 45 ദിവസമാണ് പ്രദർശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്.
തമിഴിൽ കമൽഹാസൻ പാപനാശം എന്ന പേരിലാണ് ദൃശ്യം റീമേക്ക് ചെയ്തത്. മോഹൻലാലിന്റെ ഭാര്യ സഹോദരൻ സുരേഷ് ബാലാജിയാണ് ചിത്രം നിർമ്മിച്ചത്. ജിത്തു ജോസഫ് തന്നെയാണ് സംവിധാനം നിർവഹിച്ചത്. ചിത്രം കണ്ട ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ കമൽഹാസനെ അഭിനന്ദിച്ചിരുന്നു. ദൃശ്യം അതെ പേരിൽ ബോളിവുഡിൽ മൊഴിമാറ്റിയപ്പോൾ അജയ് ദേവ് ഗണായിരുന്നു നായകൻ. ശ്രീയാശരൺ നായികയും. ഇങ്ങനെ വിവിധ ഭാഷകളിൽ സൂപ്പർ ഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമസ്വാദകർ.