ബോളിവുഡിന്റെ താരറാണിയാണ് ഇന്ന് ദീപിക പദുക്കോൺ. ചെയ്ത വേഷങ്ങളെല്ലാം മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ദീപിക, ഇത്തവണത്തെ ഓസ്‌കറിൽ ഇന്ത്യക്ക് അഭിമാനമായിരുന്നു. ഇപ്പോഴിതാ ഓസ്‌കറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. ഓസ്‌കറിലെ ദീപികയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. ‘ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു’… എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ശിവൻകുട്ടി കുറിച്ചത്. പിന്നാലെ ഒട്ടേറെ പേരാണ് വിമർശിച്ചും ദീപികയെ പ്രശംസിച്ചും
രംഗത്തെത്തിയത്. പതിനാറു അവതാരകരാണ് ഓസ്കർ പുരസ്കാര നിശയിൽ ഉണ്ടായിരുന്നത് അക്കൂട്ടത്തിലെ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നു ദീപിക.
ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു അത്. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടിയ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ അതി മനോഹരമായി വേദിക്ക് പരിചയപ്പെടുത്തിയ ദീപികയെ നിറഞ്ഞ കയ്യടിയോടെ ആണ് ഏവരും സ്വീകരിച്ചത്. 2006 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഐശ്വര്യ’ യിലൂടെയാണ് ദീപിക പദുക്കോൺ വെള്ളിത്തിരയിൽ എത്തുന്നത്. ഷാരുഖ് ഖാൻ നായികനായ ‘ഓം ശാന്തി ഓ’മിലൂടെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ ഇരട്ട വേഷം ആ വർഷത്തിലെ ഫിലിംഫെയർ അവാർഡിന് അർഹയാക്കി. പഠാൻ ആണ് ദീപിക അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ചിത്രത്തിലെ ഗാനരംഗത്ത് ദീപിക ധരിച്ച വസ്ത്രത്തിന്റെ പേരിൽ വിവാദങ്ങൾ ഉയർന്നിരുന്നു.