

സീരിയലുകളിലൂടെയും സിനമകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു ഇപ്പോൾ. ‘മഞ്ജിമം’ എന്നാണ് വീടിന് മഞ്ജു പത്രോസ് പേര് നൽകിയിരിക്കുന്നത്. ബ്ലാക്കിസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ആരാധകരെ ഗൃഹപ്രവേശനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചത്. മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ വീഡിയോയിൽ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾക്കെതിരെ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങളോടാണ് തന്റെ ചോദ്യമെന്ന് മഞ്ജു പോസ്റ്റിൽ പറയുന്നു.
ഒരുപാട് നാളത്തെ വീടെന്ന സ്വപ്നം നേടിയത് ചോര നീരാക്കി കഷ്ട്ടപ്പെട്ടിട്ടാണെന്നും ഈ പോസ്റ്റ് പങ്കു വെക്കുന്നത് തന്നെ സ്നേഹിക്കുന്നവർക്കായല്ല മറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വേണ്ടിയാണെന്നും മഞ്ജു പറഞ്ഞു. ‘വളരെ ആലോചനകൾക്ക് ശേഷമാണ് ഇങ്ങനെയൊരു കത്ത് ഞാൻ എഴുതുന്നത്. ഇത് എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി എഴുതുന്നതല്ല. കാരണം അവർക്കൊക്കെ എന്നെ മനസിലാകും.. മറിച്ച് ഇവിടെ അന്യായ കാസർത്തുകൽ കാണിച്ച് കൊണ്ടിരിക്കുന്ന ഓൺലൈൻ വാർത്ത മാധ്യമ അധർമ്മികൾക്ക് വേണ്ടിയാണ്. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ വിചാരം? എന്താണ് നിങ്ങളുടെയൊക്കെ ധാരണ? മരിക്കാത്തവനെ കൊന്നും ഡിവോഴ്സ് ആകാത്തവരെ തമ്മിൽ പിരിച്ചും ഗർഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങൾ മാധ്യമധർമം നിറവേറ്റാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ.. ഒരു മുറിയും oru ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ നിങ്ങൾക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ? ആരാണ് നിങ്ങൾക്ക് ഇതിനൊക്കെയുള്ള ലൈസൻസ് തന്നത്? നിങ്ങളെകളൊക്കെ അന്തസ് തെരുവ് നായ്ക്കൾക്ക് പോലും ഉണ്ട്, ഒരു കാര്യം നിങ്ങൾ മനസിലാക്കണം നിങ്ങളെപോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ട് ” മഞ്ജു കുറിച്ചു.
“ബാങ്കിൽ നിന്നും ലോണെടുത്തും പണിയെടുത്തും ഒരു വീട് വെച്ചപ്പോൾ അത് കോടികളുടെ വീടാക്കി നിങ്ങൾ.. നിങ്ങളാണോ എന്റെ വീട്ടിൽ കോടികൾ കൊണ്ടു തന്നത്? ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോൾ, നല്ല കാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങൾ. സുനിച്ചനെ ഡിവോഴ്സ് ചെയ്തു പോലും. അതൊക്കെ നിങ്ങൾ സ്വയമങ്ങ് തീരുമാനിച്ചാൽ മതിയോ? അല്ലെങ്കിൽ ആ മനുഷ്യൻ എവിടെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാൻ അദ്ദേഹത്തെ ഒഴിവാക്കി എന്ന്? അതൊക്കെ പോട്ടെ ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യമങ്ങളെ നിങ്ങൾക്ക് എന്താണ്? അടുത്ത നിങ്ങളുടെ പ്രശ്നം എന്റെ കൂട്ടുകാരിയാണ്, എന്റെ എല്ലാ ഘട്ടത്തിലും, സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരി ഞാൻ വെച്ച വീട്ടിൽ വരുമ്പോൾ നിങ്ങൾക്കൊക്കെ എവിടെയാണ് പൊള്ളുന്നത്? അവൾ മാത്രമല്ല എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.. അവരെല്ലാം എന്റെ വീട്ടിൽ വരും. അതിന്റെ അർത്ഥം അവരെല്ലാം എന്റെ ജീവിതപങ്കാളികളാണെന്നാണോ?” താൻ ഈ കത്ത് എഴുതുന്നത് ഇത്തരം വ്യാജ വാർത്തകൾക്ക് ഇരയാക്കപ്പെടുന്നവർക്ക് കുടിയാന്നെനും മഞ്ജു പറയുന്നു.