മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോ ഇനി അറബിയിൽ; റിലീസ് ഓഗസ്റ്റ് രണ്ടിന്

ആദ്യമായി അറബി ഭാഷയിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രമായി മമ്മൂട്ടി നായകനായ ടർബോ. ഈ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്ത ടർബോ എന്ന മലയാള ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. മിഥുൻ മാനുവൽ തോമസ് രചിച്ച്, വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ഈ വരുന്ന ഓഗസ്റ്റ് രണ്ടിനാണ് ടർബോയുടെ അറബി വേർഷൻ തീയേറ്ററുകളിലെത്തുന്നത്. അതിന്റെ ഭാഗമായി അറബി ഭാഷയിലുള്ള ടർബോയുടെ ട്രെയ്‌ലറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് ഈ ചിത്രം അറബിയിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. അതിൽ 11 പേർ യുഎഇ സ്വദേശികളാണ്. അറബി ഭാഷയുടെ പ്രചാരവും അവിടുത്തെ പ്രതിഭകളുടെ കഴിവ് ദേശീയ- അന്തർദേശീയ തലത്തിലെത്തിക്കുക എന്ന ഉദ്ദേശവും മുന്നിൽ വെച്ചാണ് ഇങ്ങനെയൊരു ശ്രമത്തിന്‌ അവർ മുന്നിട്ടിറങ്ങിയത്.

മൂന്നാഴ്ച സമയമെടുത്താണ് ഈ ചിത്രം അറബിയിൽ പൂർണ്ണമായി ഡബ്ബ് ചെയ്തത്. സമദ് ട്രൂത്ത് നേതൃത്വം നൽകുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിലുടനീളം ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിന് എത്തിക്കുക. ടർബോ മലയാളം പതിപ്പ് ഗൾഫിൽ റിലീസ് ചെയ്തതും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. കൂടുതൽ ഇന്ത്യൻ ചിത്രങ്ങൾ അറബി ഭാഷയിൽ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന പ്രവണതക്ക് ടർബോ അറബി പതിപ്പിന്റെ റിലീസ് തുടക്കം കുറിക്കുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ എന്നിവരും, മലയാളത്തിൽ നിന്ന് ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആൻ്റണി എന്നിവരുമണിനിരന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. വിഷ്ണു ശർമയാണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്.

admin:
Related Post