ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും. വിവാദത്തിന്റെ പുറകെ ഞാൻ പോകാറില്ല. നമ്മുക്ക് വേണ്ടത് അർത്ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാൻ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല, മമ്മൂട്ടി പറഞ്ഞു.
പാർവതി തന്നെ ഇക്കാര്യം എനിക്ക് അന്ന് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആൾക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാൻ പാർവതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയിൽ പെട്ടില്ല എന്നും മമ്മുട്ടി വ്യക്തമാക്കി.
ഐഎഫ്എഫ്കെയുടെ ഓപ്പണ്‍ ഫോറത്തിൽ വെച്ച് കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാർവതി വിമർശിച്ചിരുന്നു. ഇതിനെതിരേ ഒരു വിഭാഗം ആളുകൾ സാമൂഹ മാധ്യമങ്ങളിലൂടെ വ്യാപക വിമർശനമുയർത്തി രംഗത്തു വന്നു. ഇത് പിന്നീട് വ്യക്തി അധിക്ഷേപത്തിലേക്കു തിരിയുകയായിരുന്നു. പാർവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകൾ പ്രചരിക്കുകയും ചെയ്തു.
അധിക്ഷേപങ്ങൾ പരിധി വിട്ടതിനെ തുടർന്ന് തനിക്കെതിരേ വ്യാപകമായ സൈബർ ആക്രമണം നടന്നതായി കാണിച്ച് പാർവതി നൽകിയ പരാതിയിൽ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു.